പത്തനംതിട്ട കൊടുമണ്ണില്‍ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചത് അടിയുണ്ടായ സ്ഥലത്ത് നിന്ന് പ്രതികളുമായി രക്ഷപെടുമ്പോള്‍. അടിപിടിയില്‍ പങ്കെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ആദര്‍ശെന്ന യുവാവാണ് കമ്പിവേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തോട്ടില്‍ വീണ് മരിച്ചത്.
വളളിക്കോട് സ്വദേശി അനൂപിനെ ആക്രമിച്ച ശേഷം രക്ഷപെടുമ്പോഴായിരുന്നു ആദര്‍ശിന് അപകടം പറ്റിയത്. ദീപാവലി ദിവസം രാത്രിയാണ് അനൂപ് അക്രമിക്കപ്പെടുന്നത്. വളളിക്കോട് സ്വദേശി മണികണ്ഠന്‍, സുഹൃത്ത് 17 വയസ്സുകാരന്‍ എന്നിവര്‍ ചേര്‍ന്നാണ് അനൂപിനെ ആക്രമിച്ചത്. കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേറ്റ് അനൂപ്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അനൂപിനെ ആക്രമിച്ച ശേഷം രക്ഷപെടാന്‍ വാഹനവുമായി വരാന്‍ പതിനേഴ്കാരന്‍ ആദര്‍ശിനെ വിളിച് ആവശ്യപ്പെട്ടു. സമീപവാസിയായ ഒരാളുടെ ബൈക്ക് എടുത്തുകൊണ്ടാണ് ആദര്‍ശ് പോയത്. ഇരുവരേയും ബൈക്കില്‍ തട്ടയിലെത്തിച്ചു. ആരോ വാഹനത്തില്‍ പിന്തുടരുന്നതായി സംശയിച്ച് പോകുമ്പോള്‍ പെട്രോള്‍ തീര്‍ന്നു. വണ്ടി ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഒാടിയപ്പോഴാണ് വൈദ്യുതിവേലിയുള്ള തോട്ടത്തിലെത്തിയത്. ഷോക്കേറ്റ് നിലത്തുവീണ ആദര്‍ശിനെ രക്ഷിച്ചിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികള്‍ പറയുന്നുണ്ട്. അതേസമയം, കൃഷിയിടത്തില്‍ അനധികൃത വേലി സ്ഥാപിച്ച രണ്ടുപേര്‍ ഒളിവിലാണ്. മൃതദേഹം കൃഷിയിടത്തില്‍ നിന്നും തോട്ടിലേക്ക് എറിഞ്ഞ തൊഴിലാളി പ്രസാദ് റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആദര്‍ശിനെ തട്ടയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.