തന്‍റെ പ്രിയപ്പെട്ട യജമാനനുവേണ്ടി കാത്തിരിക്കുകയാണ് തിരുവല്ലയില്‍ ഒരു നായക്കുട്ടി. രണ്ടുദിവസം മുമ്പാണ് പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടി കുറ്റപ്പുഴ സ്വദേശി ജയന്‍ കുര്യന്‍റെ വീടിലെത്തുന്നത്. ഉടമ ആരെന്ന് ഉറപ്പിച്ചശേഷമേ നായക്കുട്ടിയെ വിട്ടുനല്‍കുകയുള്ളു എന്ന നിലപാടിലാണ് വീട്ടുകാര്‍ .
രണ്ടുദിവസം മുമ്പാണ് റോഡിലൂടെ പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടി ഓടിനടക്കുന്നത് കുറ്റപ്പുഴ സ്വദേശി ജയന്‍ കുര്യന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. വൈകുന്നേരമായപ്പോള്‍ വീടിന്‍റെ ഗേറ്റിനുമുമ്പില്‍ തളര്‍ന്നുകിടക്കുന്നു. ഗേറ്റ് തുറന്നപ്പോളാകട്ടെ ചാടി അകത്തുകയറി. വഴിയറിയാതെ എത്തിയതാകുമെന്ന് മനസിലാക്കിയ കുടുംബം നായക്കുട്ടിക്ക് ആഹാരവും സംരക്ഷണവും നല്‍കി. തെരുവുനായ്ക്കള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ പുറത്തേക്ക് വിട്ടതുമില്ല. രണ്ടുദിവസംകൊണ്ട് വീട്ടുകാരുമായി അവള്‍ നന്നായി അടുത്തു. വിളിച്ചാല്‍ ഓടിയെത്തും. പറയുന്നതെല്ലാം അനുസരിക്കും.
നായക്കുട്ടിയെ ലഭിച്ച അന്നുതന്നെ ജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഒട്ടേറെപ്പേരാണ് നായക്കുട്ടി തങ്ങളുടേതാകാമെന്ന സംശയവുമായി സമീപിച്ചത്. എന്നാല്‍ ഉടമ ആരെന്ന് ഉറപ്പിച്ച ശേഷം മാത്രമേ അവളെ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് ജയനും കുടുംബവും.