കുന്നംകുളം പാറേംമ്പാടത്ത് പെട്രോള്‍ പമ്പില്‍ നിന്ന് പതിനായിരം രൂപ വിദഗ്ധമായി കവര്‍ന്നു. രണ്ടു ബൈക്കുകളില്‍ എത്തിയ നാലംഗ സംഘമാണ് പണം കവര്‍ന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തകരാറിലായ ബൈക്ക് ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ കടന്നത്. പുലര്‍ച്ചെ 4.45നായിരുന്നു കുന്നംകുളം പാറേംമ്പാടത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. നാലു പേരായിരുന്നു മോഷ്ടാക്കള്‍. വന്നത് രണ്ടു ബൈക്കുകളില്‍. പെട്രോള്‍ പമ്പ് ജീവനക്കാര്‍ രണ്ടു പേര് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ ശ്രദ്ധമാറിയ തക്കത്തില്‍ മേശയില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്നു. ജീവനക്കാര്‍ മേശയ്ക്കരികില്‍ വന്ന ഉടനെ മോഷണം നടന്നത് മനസിലായി. ഈ സമയത്ത് മോഷ്ടാക്കള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കവര്‍ച്ചാ സംഘം വിലസുന്നുണ്ട്. കുന്നംകുളത്ത് സമാനമായി നടന്ന പെട്രോള്‍ പമ്പിലെ കവര്‍ച്ചാസംഘത്തെ പൊലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.