തിരുവല്ലയിൽ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അനുഷയുടെ ജാമ്യ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച കായംകുളം സ്വദേശി സ്നേഹയെ അനുഷ കുത്തിവയ്പ്പെടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. എയർ എംബോളിസം എന്ന മാർഗം ഉപയോഗിച്ച് വധശ്രമം നടത്തിയ അനുഷയെ ആശുപത്രി അധികൃതരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് കേസ്.
എന്നാൽ അരുണിനെതിരെ അനുഷ ഇതുവരെ മൊഴി നൽകിയിട്ടില്ല. രണ്ടു ദിവസത്തെ കസ്റ്റഡിയിൽ അനുഷയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. അരുണിന്റെ ഫോണിലെ ചാറ്റുകൾ തിരിച്ചെടുത്ത് ഇരുവരെയും ഒരുമിച്ചു ചോദ്യം ചെയ്താൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പരുമല ആശുപത്രിയിൽ പ്രതിയെ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
Parumala murder attempt; Anusha sent to police custody