പാലക്കാട് തൃത്താല കണ്ണന്നൂരിലെ ഇരട്ടകൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റില്‍. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ്  അറസ്റ്റിലായത്. സുഹൃത്തുകളായ ഇരുവരെയും വെട്ടിയത് താനാണെന്ന് പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓങ്ങല്ലൂർ സ്വദേശികളും സുഹൃത്തുക്കളുമായ അൻസാർ, കബീർ എന്നിവർക്കാണ് കഴുത്തിൽ ആഴത്തിൽ വെട്ടേറ്റത്. വെട്ടേറ്റ് അൻസാറിനെ പട്ടാമ്പിയിലെ സ്വകാര്യ  ആശുപത്രിയിൽ  എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനു വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ണന്നൂർ ഭാരതപ്പുഴയിൽ പൊലീസ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുത്തുള്ള പരിശോധനയിലാണ് കഴുത്തിൽ വെട്ടേറ്റത് ശ്രദ്ധയിൽ പെടുന്നത്. മരണമൊഴിയിൽ മുസ്തഫയാണ് തന്നെ വെട്ടിയതെന്ന് ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞിരുന്നു. 

ഇതോടെയാണ് ഇരുവരുടെ സുഹൃത്ത് മുസ്തഫയെ പൊലീസ് പിടികൂടുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ രണ്ടുപേരെയും കൊല ചെയ്തത് താനാണെന്ന് പ്രതി മുസ്തഫ കുറ്റം സമ്മതിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. 2 കേസുകളായി രജിസ്റ്റർ ചെയ്താണ് അന്വേഷണമെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.  കേസിൽ മുസ്തഫ മാത്രമാണ് പ്രതിയെന്നാണ് നിഗമനമെന്നും, കൊലപാതകം സംബന്ധിച്ച കാരണം അന്വേഷിച്ചു വരുകയാണെന്നാണ് പൊലീസ് പ്രതികരിച്ചു. പ്രതിയെ ശനിയാഴ്ച്ച വൻ പോലീസ് സന്നാഹത്തോടെ തൃത്താല കണ്ണന്നൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലാൻ ഉപയോഗിച്ച കത്തി സ്കൂബ ടീം പുഴയിൽ നിന്നും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ  എടുത്തേക്കുമെന്നാണ് സൂചന.

Friend arrested in Palakkad Trithala murder case