മൂവാറ്റുപുഴ അടൂപ്പറമ്പില്‍ തടിമില്ലിലെ ജീവനക്കാരുടെ കൊലപാതകം വാക്കുതര്‍ക്കംമൂലമെന്ന് പ്രതിയുടെ മൊഴി. പുലര്‍ച്ചെ കൊലപാതകം കഴിഞ്ഞശേഷം ട്രെയിനില്‍ സ്വദേശത്തേക്ക് രക്ഷപെടുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പ്രതി ഗോപാല്‍ മല്ലിക്കിനെ അന്വേഷണസംഘം ഒഡീഷയിലെ റായഗഡ കോടതിയില്‍ ഹാജരാക്കി. മൂവാറ്റുപുഴ ഇരട്ടക്കൊലക്കേസില്‍ ഒഡീഷയില്‍ പിടിയിലായ പ്രതി ഗോപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തടിമില്ലിലെ ജീവനക്കാരായ മൊഹന്തോ, ദീപാങ്കര്‍, ഗോപാല്‍ എന്നിവര്‍ ശനിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്. വാക്കത്തികൊണ്ട് ഉറങ്ങിക്കിടന്ന മൊഹന്തോയെയും, ദീപാങ്കറിനെയും കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളടക്കം കൈക്കലാക്കിയശേഷം മൂവാറ്റുപുഴയില്‍നിന്ന് രക്ഷപെട്ടു. എറണാകുളം റൂറല്‍ എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം നടത്തിയ ചടുലമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. ഗോപാല്‍ മല്ലിക്ക് സ്വദേശമായ ഒഡീഷയിലേക്ക് രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെയും ഒഡീഷ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. റായഗഡ റയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ച ഗോപാലിനെ കേരള പൊലീസിന് കൈമാറി. തുടര്‍ന്ന് സമീപത്തുള്ള മുനിഗുഡ പൊലീസ് സ്റ്റേഷനിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അതിനുശേഷം പ്രതിയെ റായഗഡ കോടതിയില്‍ ഹാജരാക്കി. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അന്വേഷണസംഘം പ്രതിയുമായി അവിടെനിന്ന് തിരിക്കും. ഇതിനിടെ ഗോപാല്‍ മല്ലിക്കിന്റെ സ്വദേശമായ ബലിഗുഡിയിലെത്തിയും പൊലീസ് സംഘം അന്വേഷണം നടത്തി. മാവോയിസ്റ്റ് മേഖലയായ ഇവിടേക്ക് പ്രതി രക്ഷപെട്ടിരുന്നുവെങ്കില്‍ അന്വേഷണം പ്രതിസന്ധിയിലാകുമായിരുന്നു.
Gopal Malik statement in Muvattupuzha double murder case