മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് സുഹൃത്തുക്കളെ കൊലപ്പെടുത്താന്‍ കാരണമെന്ന് ആവര്‍ത്തിച്ച് പാലക്കാട് തൃത്താലയിലെ ഇരട്ടക്കൊലക്കേസ് പ്രതി മുസ്തഫ. പെട്ടെന്നുള്ള പ്രകോപനത്തിനപ്പുറം മറ്റ് കാരണങ്ങളുണ്ടോ എന്നത് വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ മുസ്തഫയെ അന്‍സാറിനെയും കബീറിനെയും കൊലപ്പെടുത്തിയ കരിമ്പനക്കടവിലെത്തിച്ച് വീണ്ടും വിശദമായി തൃത്താല പൊലീസ് തെളിവെടുക്കും.  

 

പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ അൻസാർ, കബീർ എന്നിവരെയാണ് ഉറ്റ സുഹൃത്തായ മുസ്തഫ കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ പ്രകോപനത്തില്‍ ഇരുവരെയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് മുസ്തഫയുടെ മൊഴി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇരുവരുടെയും ജീവനെടുത്തത്. പ്രകോപനത്തിനപ്പുറം സാമ്പത്തിക ഇടപാടുകളോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മുസ്തഫ ആവര്‍ത്തിക്കുന്നു. മറ്റാരുടെയെങ്കിലും സഹായം കിട്ടിയതിന്റെ സൂചനയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത സമയം മുതല്‍ ഒരേമട്ടിലുള്ള മൊഴിയാണ് മുസ്തഫ നല്‍കുന്നത്. ശാസ്ത്രീയ തെളിവുകളും മൊഴിക്ക് സമാനമാണ്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തി നേരത്തെ കണ്ടെത്തിയിരുന്നു. കത്തി വാങ്ങിയ കടയിലും കൂടുതല്‍ സ്ഥലങ്ങളിലും മുസ്തഫയെ എത്തിച്ച് തെളിവെടുക്കും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി അറിയിച്ചു.

 

Trithala double murder case statement