നാടിനെ നടുക്കിയ പാലക്കാട് തൃത്താല ഇരട്ടക്കൊലക്കേസ് പ്രതി മുസ്തഫയുമായി കൂടുതല്‍ തെളിവുകള്‍ തേടി പൊലീസ്. കൊലപാതക സമയത്ത് മുസ്തഫ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം ഷൊർണൂർ ബസ് സ്റ്റാൻഡിലെ അഴുക്കുചാലിൽ നിന്നും കണ്ടെടുത്തു. കത്തി വാങ്ങിയ കടയിലും കൊല്ലപ്പെട്ട അന്‍സാറും കബീറുമായി മുസ്തഫ എത്തിയ ചായക്കടയിലുമെത്തിച്ച് തെളിവെടുത്തു.
മുസ്തഫയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി ഷൊർണൂർ മേഖലയിലായിരുന്നു തെളിവെടുപ്പ്. പട്ടാമ്പി കല്‍പക സ്ട്രീറ്റിന് സമീപമുള്ള കടയിൽ നിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി വാങ്ങിയത്. കടയിലെ ജീവനക്കാർ മുസ്തഫയെ തിരിച്ചറിഞ്ഞു. കൊലയ്ക്ക് ശേഷം മുസ്തഫ ഷൊർണൂർ വഴി തൃശൂരിലേക്ക് രക്ഷപ്പെടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടതിനാൽ ഷൊർണൂർ ബസ് സ്റ്റാന്റിന് സമീപമുള്ള കടയിൽ നിന്ന് പുതിയ ഷർട്ട് വാങ്ങി. കൊലപാതകസമയത്ത് ധരിച്ചിരുന്ന രക്തക്കറ പുരണ്ട ഷർട്ട് ബസ് സ്റ്റാന്‍ഡിലെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ വസ്ത്രമാണ് പൊലീസ് കണ്ടെത്തിയത്. മുസ്തഫയും കൊല്ലപ്പെട്ട അൻസാറും കബീറും ഒരുമിച്ച് ഞാങ്ങാട്ടിരിയിൽ നിന്നും ചായ കുടിച്ചതിന് ശേഷമാണ് കണ്ണനൂരിലേക്കെത്തുന്നത്. ചായക്കടയിലും മീന്‍പിടിക്കാന്‍ ചൂണ്ട വാങ്ങിയ കടയിലും കോഴി പാര്‍ട്സ് വാങ്ങിയ കടയിലും വസ്ത്രശാലയിലുമെത്തിച്ച് തെളിവെടുത്തു. പട്ടാമ്പി തൃത്താല റോഡിൽ കണ്ണന്നൂരിൽ ഈമാസം രണ്ടിനായിരുന്നു ഇരട്ടക്കൊലപാതകം. സുഹൃത്തുക്കളും ഓങ്ങല്ലൂർ സ്വദേശികളുമായ അൻസാറിനെയും കബീറിനെയും മുസ്തഫ കുത്തി വീഴ്ത്തുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനപ്പുറം മുസ്തഫ ഉറ്റ സുഹൃത്തുക്കളെ കൊലപ്പെടുത്താനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
Trithala double murder case follow up