ഡൽഹിയിലെ നെബ് സരായിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഇന്ന് രാവിലെയാണ് രാജേഷ് (53), ഭാര്യ കോമൾ (47), ഇവരുടെ 23 കാരിയായ മകൾ കവിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിവ് പ്രഭാത നടത്തത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയ മകന്‍ തിരിച്ചെത്തിയപ്പോളാണ് അരുംകൊല പുറം ലോകമറിയുന്നത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് രാജേഷിന്‍റെ മകന്‍ അര്‍ജുന്‍ പ്രഭാത സവാരിക്കിറങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയ അര്‍ജുന്‍ കാണുന്നത് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹമാണ്. എല്ലാവരും കുത്തേറ്റു മരിച്ച നിലയിലായിരുന്നു. തറയില്‍ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ മോഷണം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. തന്‍റെ മാതാപിതാക്കളുടെ വിവാഹവാർഷികമാണിന്നെന്നും രാവിലെ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് താന്‍ നടക്കാന്‍ പോയചെന്നും അര്‍ജുന്‍ പറഞ്ഞു.
ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് അയല്‍വാസിയും ഓടിയെത്തിയിരുന്നു. ഇയാള്‍ എത്തുമ്പോള്‍ അലറിക്കരയുന്ന മകനെയാണ് കണ്ടത്. ഇയാളാണ് തങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതെന്നും അയല്‍വാസിയായ വിനോദ് പറയുന്നു. അതിരാവിലെ പ്രഭാതസവാരിക്ക് പോയ അര്‍ജുന്‍ വീടിന്‍റെ വാതില്‍ പുറത്തുനിന്നായിരുന്നു പൂട്ടിയിരുന്നത്.