hanging

കാമുകിയെ കാണാന്‍ ഭര്‍ത്താവ് വിദേശത്ത് പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജലിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.  

യുക്രെയ്‌നിൽ ജോലി ചെയ്യുന്നതിനിടെയാണ് നിതീഷ്  വിദേശ വനിതയുമായി അടുപ്പത്തിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശവനിതയുമായുള്ള ഭർത്താവിന്‍റെ ബന്ധം കാജൽ അറിഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കാണാനിടയായി. കാമുകിയുമായുള്ള ബന്ധം അറിഞ്ഞ കാജല്‍, ഭർത്താവിനെ ഈ ബന്ധത്തിൽനിന്ന് വിലക്കുകയും യുക്രെയ്‌നിലേക്ക് ജോലിക്കു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍  നവംബർ എട്ടിന് കാമുകിയെ കാണാനായി നിതീഷ് യുക്രെയ്‌നിലേക്കു പോയിരുന്നു. 

മുംബൈയിലെ ഓഫിസിലേക്കു പോവുകയാണെന്നു പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അത് കള്ളമായിരുന്നു. തുടർന്ന് യുക്രെയ്‌നിലെത്തിയ ഇയാൾ ഇനി തിരികെ വരില്ലെന്നു ഭാര്യയ്ക്കു ഫോണില്‍ സന്ദേശമയച്ചു. ഭർത്താവിന്റെ സന്ദേശത്തെ കുറിച്ച് യുവതി അമ്മയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതി വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

Husband had gone to look for his girlfriend abroad