christmas-tree-in-bangalore

ക്രിസ്മസ് ആഘോഷിച്ചതിനെതിരെ ബെംഗളുരുവിലെ മാളില്‍ അക്രമണം നടത്തിയ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവും അണികളും അറസ്റ്റില്‍. രാഷ്ട്ര രക്ഷണ പടെയെന്ന സംഘനടാ തലവനും കൊലപാതകങ്ങള്‍ അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയുമായ പുനീത് കേ രഹള്ളിയും സംഘവുമാണു ക്രിസ്മസ് തലേന്നു മാളില്‍ അതിക്രമം കാട്ടിയത്. ക്രിസ്മസ് ട്രീക്കു പകരം അയോധ്യയിലെ രാമക്ഷേത്ര മാതൃക സ്ഥാപിച്ചില്ലെങ്കില്‍ മാള്‍ അടിച്ചുതകര്‍ക്കുമെന്നായിരുന്നു ഭീഷണി.

കര്‍ണാടകയിലെ നമ്പര്‍ വണ്‍ ക്രിമനലെന്നാണു പുനീത് കേരഹള്ളിയെ പൊലീസ് വിശേഷിപ്പിക്കുന്നത്. കന്നുകാലികളുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുന്നതു പതിവാക്കിയ പുനീതിനെ കഴിഞ്ഞ ഓഗസ്റ്റില്‍ ഗുണ്ടാ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തു ജയിലിടച്ചിരുന്നെങ്കിലും അടുത്തിടെ പുറത്തിറങ്ങി. 23 നു ൈവകീട്ടാണു ബയട്രരായനപുരയിലെ മാള്‍ ഓഫ് ഏഷ്യയില്‍ പുനീതും നാല് അനുയായികളും എത്തിയത്. മാളിനകത്തെ കൂറ്റന്‍ ക്രിസ്മസ് ട്രീ ഹിന്ദു വിരുദ്ധമാണന്നും അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ മാതൃക മാളില്‍ സ്ഥാപിച്ചില്ലെങ്കില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ തടയുമെന്നായിരുന്നു ഭീഷണി.  സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസിനോടും പുനീതും സംഘവും തട്ടിക്കയറി

വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കല്‍, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ചില്‍ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ ഇന്ദ്രീസ് പാഷയെന്നയാളെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതി കൂടിയാണു പനീത് കേരഹള്ളി.

 Christmas tree in Bangalore mall irks vigilantes, five arrested for threatening staff