ksrtc-attack-3

 

കേരളത്തില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെ അക്രമം പതിവാകുന്നതായി പരാതി. ഇന്നലെ തിരുവനന്തപുരത്തു നിന്നു ബെംഗളുരുവിലേക്കു പോയ സ്ലീപ്പര്‍ കം സീറ്റര്‍ ബസിന്റെ ചില്ല് അജ്ഞാതന്‍ എറിഞ്ഞുടച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളിമുക്കില്‍ അര്‍ധരാത്രിയായിരുന്നു ആക്രമണം.

 

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കു സമീപം വെള്ളിമുക്കില്‍  രാത്രി രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. പ്രകോപനമൊന്നുമില്ലാതെ റോഡരികില്‍ നിന്നയാള്‍ ചുടുകട്ടയെടുത്ത് എറിഞ്ഞു. മുന്‍വശത്തെ ചില്ല് തകര്‍ന്നു. ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും സമീപത്തെ കടയിലുണ്ടായിരുന്നവരും അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

 

ഇതേ തുടര്‍ന്ന് ബസ് മണിക്കൂറുകള്‍ വൈകിയാണു ബെംഗളുരുവിലെത്തിയത് .കൂടാതെ ബെംഗളുരുവില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ് കോഴിക്കോട് അവസാനിപ്പിച്ച് കേസിനായി ബസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. ഗ്ലാസ് തകര്‍ന്നതും ട്രിപ്പ് ഭാഗികമായി മുടങ്ങിയതും വന്‍ബാധ്യതയാണു സ്വിഫ്റ്റിനുണ്ടാക്കിയത്. പ്രകോപനമൊന്നുമില്ലാതെ ബസുകള്‍ക്കുനേരെ അക്രമമുണ്ടാകുന്നുവെന്നാണു ജീവനക്കാര്‍ പറയുന്നത്. നേരത്തെ ബെംഗളുരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന എസി മള്‍ട്ടി ആക്സില്‍ ബസിനു നേരെ ഇലക്ട്രോണിക് സിറ്റിയില്‍ വച്ചും സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

 

KSRTC bus attacked