തമിഴ്നാട്ടിൽ ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത പത്തൊന്‍പതുകാരിയെ, പിതാവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കഴിഞ്ഞ ജനുവരി മൂന്നിന് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്. 

 

തഞ്ചാവൂർ ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപമുള്ള പൂവല്ലൂർ എന്ന ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.  19 കാരി ഐശ്വര്യയും, സഹപാഠിയായ നവീനും സ്കൂൾക്കാലം മുതൽ പ്രണയത്തിലായിരുന്നു. നവീൻ ദളിത് സമുദായത്തിൽ നിന്നുള്ള ആളായതിനാൽ ബന്ധം ഐശ്വര്യയുടെ വീട്ടുകാർ എതിർത്തിരുന്നു. വിദ്യാഭ്യാസ ശേഷം ഇരുവരും തിരിപ്പൂരിൽ ജോലിയിൽ പ്രവേശിച്ചു.  ഇതിനിടെ കഴിഞ്ഞ ഡിസംബർ 31ന് രണ്ടാളും സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി. ഇതിൻ്റെ വീഡിയോ കാണാനിടയായ ഐശ്വര്യയുടെ പിതാവ് പെരുമാൾ പോലീസിൽ പരാതി നൽകി. ജനുവരി രണ്ടിന് ഇരുവരും നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പല്ലടം പോലീസ് ഐശ്വര്യയെ മാതാപിതാക്കൾക്കപ്പം പോകാൻ നിർബന്ധിച്ചു.

 

പിന്നാലെ ജനുവരി മൂന്നിനാണ് കൊലപാതകം നടന്നത്.   ദളിത് യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയെ പിതാവും ബന്ധങ്ങളും ചേർന്ന് മർദ്ദിച്ചു അവശയാക്കിയ ശേഷം, ചുട്ടു കൊല്ലുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യം ലഭ്യമായ നവീൻ, ഐശ്വര്യയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മാതാപിതാക്കൾ, 16 വയസ്സുള്ള അനിയത്തിയടക്കം ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. കളളർ സമുദായത്തിൽ പെട്ട തൻറെ മകൾ ദളിത് യുവാവിനെ വിവാഹം ചെയ്തത് അംഗീകരിക്കാനാകാത്തതിനാണ് കൊല നടത്തിയതെന്ന് പിതാവ് പെരുമാൾ സമ്മതിച്ചു.  പിന്നാലെ  പെരുമാളിനെയും, നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Woman, burned to death for marrying dalit in Tamil Nadu