fb-cheat

വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ യുവതിയായി പരിചയം സ്ഥാപിച്ച് പത്തനംതിട്ട സ്വദേശിയുടെ 23 ലക്ഷം തട്ടിയ പ്രതി പിടിയില്‍. തിരുവനന്തപുരം പാറശാല സ്വദേശി സതീഷ് ജപകുമാറാണ് പിടിയിലായത്. മൂന്നു വര്‍ഷം കൊണ്ടാണ് പണം തട്ടിയത്. 

 

പത്തനംതിട്ടയിലെ സ്വകാര്യ കോളജ് ഉടമയ്ക്കാണ് പണം നഷ്ടമായത്. 2019ല്‍ വന്ദന കൃഷ്ണയെന്ന ഐഡിയിലൂടെയാണ് പരിചയപ്പെട്ടത്. സംസാരശേഷിയില്ലാത്ത യുവതിയെന്ന് പരിചയപ്പെടുത്തി സ്ഥിരം ചാറ്റിങ്ങായി. ഇതേ സമയം തന്നെ പെണ്‍കുട്ടിയുടെ പിതാവായ റിട്ടയേഡ് എസ്പിയെന്ന മട്ടില്‍ മറ്റൊരു ഫേസ്ബുക്ക് ഐഡിയിലൂടെയും സൗഹൃദമായി. സ്വകാര്യകോളജ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്‍ററാക്കാം എന്ന് പറഞ്ഞ് 23 ലക്ഷം വാങ്ങി. 

 

പിന്നീട് സതീഷ് തന്നെ വേഷം മാറി പരിശോധനയ്ക്കും എത്തി. വൈകിയാണ് തട്ടിപ്പെന്ന് തിരിച്ചറിഞ്ഞത്. കോഴഞ്ചേരി സ്വദേശിയായ സ്വകാര്യ കോളജ് ഉടമ ആറന്‍മുള പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. സിഎക്കാരനെന്ന മട്ടില്‍ കൊച്ചിയിലായിരുന്നു തട്ടിപ്പുകാരന്‍റെ ജീവിതം. കോഴിക്കോട്ടും പലയിടത്തും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.