ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരിൽ വന്ന സൈബർ തട്ടിപ്പ് കോൾ പൊളിച്ചടുക്കിയ അശ്വഘോഷ് സൈന്ധവിനെ അഭിനന്ദിച്ച് കേരള പൊലീസ്.
മുംബൈ പൊലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ ഈ പയ്യന്‍ കുരങ്ങുകളിപ്പിച്ചത് ഒന്നര മണിക്കൂറിലേറെയാണെന്നും, തട്ടിപ്പുകാരുടെ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടതെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ എങ്ങനെയും കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി എന്ന വ്യാജേന ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം. നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്നുമിരിക്കും. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംഭവമേ ഇന്ത്യയിൽ ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. ഇത്തരം കോളുകൾ വന്നാൽ അശ്വഘോഷ് നേരിട്ടതുപോലെ ആർജ്ജവത്തോടെതന്നെ അവരെ നേരിടാനാണ് നിങ്ങളും ശ്രമിക്കേണ്ടത്.
നിങ്ങൾക്ക് ഇത്തരം ഫോൺകോളുകൾ വന്നാൽ തട്ടിപ്പുകാരോട് നിങ്ങൾ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയാൻ ഞങ്ങൾക്ക് കൗതുകമുണ്ട്. ഓൺലൈൻ തട്ടിപ്പുകാർ നിങ്ങളെ വിളിച്ചാൽ നിങ്ങൾ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നതെന്ന് അശ്വഘോഷിനെപ്പോലെ നിങ്ങളും വീഡിയോയിൽ പകർത്തൂ. എന്നിട്ട് കേരള പോലീസിൻ്റെ ഇൻബോക്സിൽ അയച്ചുതരൂ.
ഏറ്റവും മികച്ച രീതിയിൽ തട്ടിപ്പുകാരെ നേരിടുന്ന സുഹൃത്തുക്കളുടെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.