covai-blast-3

കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനക്കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി എന്‍ഐഎ. ഇസ്്ലാമിക് സ്റ്റേറ്റുമായി മാനസിക അടുപ്പം പുലര്‍ത്തുന്നവര്‍ സ്ഫോടനത്തിനു സഹായിച്ചെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ 27 ഇടങ്ങളില്‍  റെയ്ഡ് നടത്തി. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന തുടങ്ങി. തമിഴ്നാട്ടിലെ  അറബിക് കോളജ് പൂര്‍വ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

 

ശനിയാഴ്ച രാവിലെയാണ് ചെന്നൈ, കോയമ്പത്തൂര്‍ തിരുച്ചിറപ്പള്ളി,മധുര,കടലൂര്‍, ഊട്ടി എന്നിവടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അര്‍ധരാത്രിയോടെയാണു തീര്‍ന്നത്. കോയമ്പത്തൂരില്‍ മാത്രം 12 ഇടങ്ങളിലായിരുന്നു പരിശോധന. 2020 ദീപാവലിയുടെ തലേ ദിവസമാണു കോയമ്പത്തൂരില ക്ഷേത്രത്തിനു മുന്നില്‍ കാറ് പൊട്ടിത്തെറിച്ചത്. ചാവേറായി എത്തിയ ജമേഷ മുബിനെന്നയാള്‍ ലക്ഷ്യം തെറ്റി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഏറ്റെടുത്ത കേസില്‍ ഇതുവരെ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

 

ജമേശ മുബിന് സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മതപഠന കേന്ദ്രങ്ങളെ സംഘം ഐ.എസ്. റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാക്കിയെന്നു കണ്ടെത്തിയിരുന്നു. ഈ കണ്ണിയില്‍പെട്ടവര്‍ക്കു വേണ്ടിയായിരുന്നു റെയ്ഡ്. ഊട്ടിയില്‍ അറബിക് കോളേജ് അധ്യാപകന്റെ വീട്ടിലായിരുന്നു പരിശോധന. ഇവിടെ നിന്നു മൊബൈല്‍ ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടികൂടി. തിരുച്ചിറപ്പള്ളി കോട്ടയ്ക്കു സമീപമുള്ള വീട് അട‍ഞ്ഞുകിടക്കുന്നതിനാല്‍ റെയ്ഡ് നടത്താനാകാതെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മടങ്ങി. ചെന്നൈ,മധുര,കടലൂര്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തിയ വീടുകളുടെ ഉടമകളോട് ചൊവ്വാഴ്ച ചെന്നൈയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Coimbatore blast case NIA raid