palakkad-theft-arrest-2

 

കവര്‍ച്ചാക്കേസിലെ പ്രതി 35 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. പാലക്കാട് ചന്ദ്രനഗറിലെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി എടപ്പള്ളി സ്വദേശി നസീറിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലധികം ഭവനഭേദന കേസിലെ പ്രതിയാണ് നസീർ. 

 

അന്‍പത്തിഅഞ്ച് വയസിനിടെ കേരളത്തിന് അകത്ത് പുറത്തുമായി നൂറിലധികം ഇടങ്ങളില്‍ കവര്‍ച്ച. വീടുകളും, കടകളുമാണ് പ്രധാനമായും കുത്തിത്തുറന്ന് കവര്‍ന്നത്. പണം ആഢംബര ജീവിതം നയിക്കാനായി വിനിയോഗിച്ചു. മുപ്പത്തി അഞ്ച് വര്‍ഷത്തിന് മുന്‍പായിരുന്നു ചന്ദ്രനഗറിൽ സീഡ് ഫാം ക്വാര്‍ട്ടേഴ്സിൽ അടഞ്ഞ് കിടന്ന വീട് കുത്തിത്തുറന്ന് നസീര്‍‍ നാല് പവൻ സ്വർണവും 6000 രൂപയും കവർന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പല സ്ഥലങ്ങളിലായി ഒളിച്ച് താമസിച്ചു.

 

ഇതിനിടയിലും കവര്‍ച്ചയിലുള്ള വൈദഗ്ധ്യം പലപ്പോഴും പരീക്ഷിച്ചു. പൊലീസിന്റെ പിടിയില്‍പ്പെടാതെ നോക്കാനും പ്രത്യേകം ശ്രദ്ധിച്ചു. പിടിയിലായ കേസുകളില്‍ വൈകാതെ പുറത്തിറങ്ങി പതിവ് ശൈലി തുടരുകയും ചെയ്തു. ആളില്ലാത്ത വീടുകൾ മനസിലാക്കി രാത്രിയിലും പകൽ സമയത്തും കളവ് പൂര്‍ത്തിയാക്കുന്ന രീതിയാണ് നസീറിന്റേത്. വലിയ സമ്പാദ്യം പ്രതീക്ഷിച്ച് മുന്തിയ വീടുകളാണ് കളവിനായി അധികവും തെരഞ്ഞുക്കുക. കാലപ്പഴക്കമുള്ള കേസുകളുടെ അന്വേഷണത്തിനായി കസബ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥരാണ് എറണാകുളത്തെ വീട്ടിലെത്തി നസീറിനെ കൈയോടെ കുടുക്കിയത്. അടുത്തിടെ നാല്‍പത് വർഷം മുൻപ് നടന്ന കേസിലെ പ്രതിയെയും പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ നസീറിനെ റിമാൻഡ് ചെയ്തു.

 

Palakkad house theft case arrest