പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെന്ന പേരിലെത്തി ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തുന്ന രണ്ടുപേര്‍ പാലക്കാട് അറസ്റ്റില്‍. മഞ്ചേരി സ്വദേശി അജിത്, കര്‍ണാടകയിലെ ശിവരാജന്‍ എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. സംഘം പിടിയിലായതോടെ നിരവധി കവര്‍ച്ചാക്കേസുകളാണ് തെളിഞ്ഞത്. പ്ലാസ്റ്റിക് പാത്രം വില്‍പനയ്ക്ക് എന്ന് ഉച്ചത്തില്‍ വിളിച്ച് ഇരുവരും ഇരുചക്രവാഹനത്തില്‍ നീങ്ങും. പാത്രത്തിന്‍റെ വില ചോദിക്കുന്നവരോട് വിശദമായി സംസാരിച്ച് സമയം കളയും. ഇതിനിടയില്‍ അടുത്തവീട്ടുകാരെക്കുറിച്ച് ഉള്‍പ്പെടെ തന്ത്രപൂര്‍വം മനസിലാക്കും. ആളില്ലാത്ത വീടുണ്ടെന്ന് ഉറപ്പിച്ചാല്‍ പാത്രം വണ്ടി വഴിയില്‍ വച്ച് ഇരുവരും യഥാര്‍ഥ പണി തുടങ്ങും. വീടിന്‍റെ പിന്നിലൂടെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ വിലകൂടിയതെല്ലാം കട്ടെടുക്കും. 

ദേശീയപാതയോരത്തെ വീടുകള്‍ പരമാവധി ലക്ഷ്യമിട്ടിരുന്നത് അപകട സൂചന വന്നാല്‍ വേഗത്തില്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു. കഴിഞ്ഞവര്‍ഷം വടക്കഞ്ചേരി മേരിഗിരിയിൽ അടച്ചിട്ട വീടിന്റ പിൻഭാഗം തകർത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഏഴ് പവൻ സ്വർണവും 65000 രൂപയും കവര്‍ന്നു. വടക്കഞ്ചേരി ടോൾ പ്ലാസയ്ക്ക് സമീപത്തെ വീട്ടിൽ നിന്നും 4500 രൂപയും കവർന്നു. രണ്ട് കേസിലും സമാന സ്വഭാവം. സൂചനകള്‍ പിന്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്. അമ്പലവയല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ ഇരുവരെയും വടക്കഞ്ചേരി എസ്.ഐ ജീഷ്മോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വീടിനുള്ളില്‍ കയറിയതും ഇറങ്ങിയതുമെല്ലാം വിശദമായി ഏറ്റുപറഞ്ഞു. 

പിടിയിലായ യുവാക്കള്‍ സമാനമായ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായതോടെ അടുത്തിടെ വടക്ക‍ഞ്ചേരിയില്‍ ദേശീയപാത കേന്ദ്രീകരിച്ചുണ്ടായ മുഴുവന്‍ കവര്‍ച്ചാക്കേസുകള്‍ക്കും തുമ്പായി. 

 

Two men were arrested in Palakkad for robbing unoccupied houses in the name of selling plastic containers