തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂർ കണക്കംപാറ സ്വദേശി സത്യരാജ്  ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കും ചെറുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി മടങ്ങുന്നതിനിടയിലായിരുന്നു തേനീച്ചയുടെ ആക്രമണം. വേദന കൊണ്ട് പുളഞ്ഞ സത്യരാജ് രക്ഷപ്പെടാനായി കനാലിലേക്ക് ചാടുകയായിരുന്നു. തേനീച്ചയുടെ കുത്തേറ്റ സത്യരാജിൻ്റെ ഭാര്യ വിശാലാക്ഷി ചെറുമക്കളെയും കൂട്ടി മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. വിശാലാക്ഷി നൽകിയ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്നുള്ള തിരച്ചിലിലാണ് സത്യരാജിന്‍റെ മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ കുത്തേറ്റ സത്യരാജിൻ്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ചിറ്റൂർ മേഖലയിൽ കാർഷിക ജോലിക്കിടെ തേനീച്ചയുടെ ആക്രമണത്തിൽ കർഷകർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. 

ENGLISH SUMMARY:

In Palakkad, Sathyaraj, a farmer, dies after jumping into a canal to escape a bee attack. His wife, stung by the bees, is hospitalized. The body was recovered after a search by locals and fire services.