യുഎസിലെ കലിഫോർണിയയിൽ കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് യുഎസ് പൊലീസ് സ്ഥിരീകരിച്ചു. പട്ടത്താനം സ്വദേശിയായ ആനന്ദ് ഭാര്യ ആലിസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ ശേഷം ആനന്ദ് സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നു. അതേസമയം നാലുവയസുളള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്. 

കലിഫോര്‍ണിയയിലെ സാൻ മറ്റെയോ ‌നഗരത്തിലെ വസതിയില്‍ തിങ്കള്‍ രാവിലെ 9.15 നാണ് ദമ്പതികളും രണ്ടു കുഞ്ഞുങ്ങളും മരിച്ചു കിടക്കുന്നത് സാന്‍ മറ്റെയോ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ഉള്‍പ്പെടെ സ്ഥിരീകരിച്ചത്. കൊല്ലം പട്ടത്താനം സ്വദേശിയായ 42 വയസുളള ആനന്ദ്, ഭാര്യ ആലിസ് പ്രിയങ്കയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.ആനന്ദിന്റെയും ആലിസിന്റെയും മൃതദേഹം ശുചിമുറിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരുടെ ഇരട്ടക്കുട്ടികളായ നാലുവയസുകാരായ നോഹ, നെയ്ഥന്‍ എന്നിവര്‍ എങ്ങനെ മരിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്. 

കുട്ടികളുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ല. ശാസ്ത്രീയപരിശോധനാഫലം ലഭിച്ചാലെ മരണത്തില്‍ വ്യക്തത വരികയുളളു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലെ കിടക്കയിലായിരുന്നു കാണപ്പെട്ടത്. ആനന്ദിന്റെ വീട്ടിൽ നിന്ന് വെടിയൊച്ച കേട്ടതായി അടുത്ത് താമസിക്കുന്നവരും പൊലിസിനോട് വെളിപ്പെടുത്തി. 0.9 എംഎം റൈഫിളാണ് നിറയൊഴിക്കാന്‍ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ആനന്ദിന്റെ ദുബായിലുള്ള സഹോദരൻ അജിത് അമേരിക്കയിൽ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Indian Family Found Dead With Gunshot Wounds