നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ സര്‍ക്കാരിന്‍റെ എഐ ഉപദേഷ്ടാവായി ഇന്ത്യൻ-അമേരിക്കൻ വംശജന്‍ ശ്രീറാം കൃഷ്ണനെ നിയമിച്ചു. വൈറ്റ് ഹൗസിന്റെ ശാസ്ത്ര-സാങ്കേതിക നയകാര്യ ഓഫീസിൽ സീനിയർ പോളിസി അഡ്വൈസർ ആയിട്ടാണ് നിയമനം. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിച്ചു. ടെക്ക് ഭീമന്‍ എലോൺ മസ്കിന്‍റെ അടുത്ത അനുയായിയാണ് ശ്രീറാം.
സംരംഭകനും വെൻച്വർ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണൻ ട്രംപിന്റെ ടീമിൽ ചേർന്നേക്കുമെന്ന നേരത്തെ തന്നെ അഭ്യുഹമുണ്ടായിരുന്നു. ചെന്നൈയിൽ ജനിച്ച ശ്രീറാം കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ്ആർഎം വല്ലിയമ്മൈ എൻജിനീയറിങ് കോളജിൽനിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്ടാവു കൂടിയാണ് ശ്രീറാം കൃഷ്ണൻ. ഭാര്യ ആരതി രാമമൂർത്തിക്കൊപ്പം 'ദി ആരതി ആൻഡ് ശ്രീറാം ഷോ' എന്ന ഒരു പോഡ്കാസ്റ്റ് ഷോയും അദ്ദേഹം നടത്തുന്നുണ്ട്.