college-students-clash-near

ചെന്നൈയിൽ റെയിൽവേ സ്റ്റേഷനിൽ ഏറ്റുമുട്ടി കോളേജ് വിദ്യാർത്ഥികൾ. നഗരത്തിലെ രണ്ടു പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ് കല്ലും, കുപ്പികളുമായി പട്ടരവാക്കം സ്റ്റേഷനിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിലാവുകയും, ഇരു കോളേജിലുമായി 60 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തു. ചെന്നൈ നഗരത്തിൽ പ്രവർത്തിക്കുന്ന പച്ചയ്പ്പാസ് കോളേജും, പ്രസിഡൻസി കോളേജും. ഇരു കോളേജുകളിലേയും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈ തവണ എല്ലാ അതിരുകളും ലംഘിച്ച് സംഘർഷം ട്രെയിനിലും, റെയിൽവേ സ്റ്റേഷനിലും വരെയെത്തി. 

നഗരത്തിലെ കോളേജ് വിദ്യാർത്ഥികളും, സാധാരണക്കാരും ഏറെ ആശ്രയിക്കാറുള്ള സബർബൻ ട്രെയിനിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ട്രെയിനിനുള്ളിൽ പച്ചയ്പ്പാസ് കോളേജിലെയും, പ്രസിഡൻസി കോളേജിലെയും വിദ്യാർത്ഥികൾ വാക്ക്തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് വരുന്ന ട്രെയിൻ പട്ടരവാക്കം സ്റ്റേഷനിൽ എത്തിയതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. സ്റ്റേഷനിൽ കാത്തിരുന്ന പച്ചയ്പ്പാസ് കോളേജിലെ വിദ്യാർത്ഥികൾ പ്രസിഡൻസി കോളജ് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കല്ലും കുപ്പിയും  വലിച്ചെറിയാൻ ആരംഭിച്ചു. എണ്ണത്തിൽ കുറവായതിനാൽ റെയിൽവേ പോലീസിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.  

സംഘർഷത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് കോളേജ് വിദ്യാർത്ഥികളെ റെയിൽവേ പോലീസ് പിടികൂടി. ദൃശ്യങ്ങൾ പരിശോധിച്ച് ഇരു കോളേജ് അധികൃതർക്കും വിവരം കൈമാറി. ഇതോടെ ഇരു കോളേജിൽ നിന്നുമായി 60 വിദ്യാർഥികൾക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഇവർക്കെതിരെ പോലീസ്  കേസും എടുത്തിട്ടുണ്ട്. ഇത്തരത്തിൽ സംഘർഷം ആവർത്തിച്ചാൽ വിദ്യാർഥികളെ നിരന്തരമായി കോളേജിൽ നിന്നും നീക്കം ചെയ്യുമെന്ന് അധികൃത അറിയിച്ചു. 

Clash between college students at Chennai Pattaravakkam railway station