sathya-priya-murder

ചെന്നൈയില്‍ സെന്റ് തോമസ് മൗണ്ട് റയില്‍വേ സ്റ്റേഷനില്‍ യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് വിചാരണക്കോടതി. സ്വകാര്യ കോളജില്‍ ബികോം വിദ്യാര്‍ഥിനിയായിരുന്ന സത്യപ്രിയയാണ് കൊല്ലപ്പെട്ടത്. 2022 ഒക്ടോബര്‍ 13നായിരുന്നു കൊലപാതകം. ജെയിന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന സത്യപ്രിയയെ പ്രതിയായ സതീഷ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. പിന്നീട് വാക്കുതര്‍ക്കത്തിനിടെയാണ് പെണ്‍ക്കുട്ടിയെ കൊലപ്പെടുത്തിയത്. മകളുടെ ആത്മഹത്യയില്‍ മനംനൊന്ത് സത്യപ്രിയയുടെ പിതാവ് മാണിക്കം കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തിരുന്നു.

ചെന്നൈ ആദമ്പാക്കത്ത് സത്യപ്രിയയുടെ വീടിന് എതിര്‍വശത്തായിരുന്നു പ്രതി സതീഷ് താമസിച്ചിരുന്നത്. എട്ടാം ക്ലാസ് പഠനം ഉപേക്ഷിച്ച ഇയാള്‍ നാളുകളായി സത്യപ്രിയയെ ശല്യം ചെയ്തിരുന്നു. പലതവണ ഇയാളുടെ ആവശ്യങ്ങള്‍ സത്യപ്രിയ നിരസിച്ചു. ഒടുവില്‍ 2022 സെപ്റ്റംബറിൽ സത്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സതീഷിന്‍റെ പെരുമാറ്റവും മാറി. ഇയാൾ സത്യപ്രിയയെ ഉപദ്രവിക്കാനും തുടങ്ങി. സത്യപ്രിയയെ പിന്തുടര്‍ന്ന് ഇയാള്‍ കോളജിലും ട്രെയിന്‍ കംപാര്‍ടുമെന്‍റുകളിലും ചെല്ലാറുണ്ടായിരുന്നു. പൊതുസ്ഥലങ്ങളില്‍ വച്ചുപോലും തന്നോട് സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഒടുവില്‍ ഇയാളെ പേടിച്ച് സത്യപ്രിയ യാത്രയുടെ സമയങ്ങളും വഴിയും മാറ്റിയിരുന്നു. എന്നിട്ടും സതീഷിന്‍റെ ശല്യം ചെയ്യലിന് കുറവുണ്ടായിരുന്നില്ല.

സത്യപ്രിയയുടെ അച്ഛന്‍ മാണിക്കമാണ് മകളെ സെൻ്റ് തോമസ് മൗണ്ട് റെയില്‍വെ സ്റ്റേഷനിലെത്തിക്കാറുള്ളത്. അവിടെ നിന്ന് ട്രെയിനിലായിരുന്നു സത്യപ്രിയ കോളജിലേക്ക് പോകാറുള്ളത്. സംഭവം നടന്ന ദിവസം പതിവിനും നേരത്തെ സതീഷ് റെയില്‍വേ സ്റ്റേഷനിലെത്തി സത്യപ്രിയക്കായി കാത്തിരുന്നു. സത്യപ്രിയയെത്തി പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നതായി നടിച്ച് പ്രതി അവളുടെ അടുത്തെത്തി. ട്രെയിൻ പ്ലാറ്റ്ഫോമില്‍ സത്യപ്രിയ നില്‍ക്കുന്നതിന് അടുത്തെത്തിയതിന് പിന്നാലെ പ്രതി യുവതിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിന്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സത്യപ്രിയ തൽക്ഷണം മരിക്കുകയും ചെയ്തു. സത്യപ്രിയയെ ട്രെയിനിനു മുന്‍പിലേക്ക് തള്ളിയിട്ട സതീഷ് പെട്ടെന്നൊന്നും റെയില്‍വേ സ്റ്റേഷന്‍ വിട്ടിരുന്നില്ല. ട്രെയിന്‍ കടന്നുപോകുന്നതുവരെ ഇയാള്‍ കാത്തിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിക്കാനാണ് പ്രതി ട്രെയിന്‍ കടന്നുപോകും വരെ കാത്തിരുന്നതെന്നാണ് സിബിസിഐഡി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എഎം രവീന്ദ്രനാഥ് ജയപാൽ പറഞ്ഞത്. ഇയാളെ പിന്നീട് തൊറൈപ്പാക്കത്ത് വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 

 

കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. സത്യപ്രിയയുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെ 70 ലധികം സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോറൻസിക് പരിശോധനയിൽ ഇയാളുടെ ഷര്‍ട്ടിലെ രക്തക്കറ സത്യപ്രിയയുടെ രക്തമാണെന്ന് തെളിഞ്ഞിരുന്നു. സതീഷിന്‍റെ വീട്ടിൽ നിന്ന് സത്യപ്രിയയുടെ ഫോട്ടോകള്‍ കണ്ടെടുക്കുയും ചെയ്തു. മൂന്ന് ദിവസമെടുത്താണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. 

ENGLISH SUMMARY:

Sathya Priya, a B.Com student, was pushed to death at Chennai’s St. Thomas Mount Railway Station by Satheesh in October 2022. The trial court has now sentenced the accused to death.