ഇടുക്കി കട്ടപ്പന കക്കാട്ടുകടയില്‍ കൊല്ലപ്പെട്ട വിജയജന്റെ മൃതദേഹം കണ്ടെത്തി. മുറിയുടെ തറ കുഴിച്ചുനടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പാന്‍റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആര്‍. പ്രതി നിതീഷിനെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തി.
കട്ടപ്പന കക്കാട്ട്കടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി നിതീഷുമായി തെളിവെടുപ്പ് നടത്തിയത്. നിതീഷ് കൊലപ്പെടുത്തിയ വിജയനെ വീടിനുള്ളിൽ കുഴിച്ചു മൂടാൻ ഭാര്യ സുമയും, മകൻ വിഷ്ണുവും കൂട്ട് നിന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ താമസിച്ചിരുന്ന കക്കാട്ട്കടയിലെ വീട് ദുരൂഹതകളുടെ കേന്ദ്രമാവുകയാണ്.
വീട്ടിലെ ഒരു മുറിയിൽ അഞ്ചടി താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്. തലയുടെ ഭാഗം കാൽമുട്ടിനോടു ചേർന്നുവരുന്ന രീതിയിൽ മൃതദേഹം മൂന്നായി മടക്കി കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാക്കി പായ്ക്കിങ് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. കുഴിക്കു മുകളിൽ കോൺക്രീറ്റും ചെയ്തിരുന്നു.
തലയോട്ടിയും അസ്ഥികളുമാണു കുഴിയിൽനിന്നു കണ്ടെത്തിയത്. വിജയൻ ധരിച്ചിരുന്ന പാന്റ്സ്, ഷർട്ട്, ബെൽറ്റ് തുടങ്ങിയവയും കുഴിയിൽനിന്നു ലഭിച്ചു.
വിജയനെ കൊലപ്പെടുത്തിയ കേസിൽ നിതീഷ് ഒന്നാം പ്രതിയും വിജയന്റെ ഭാര്യ സുമ (57), മകൻ വിഷ്ണു (27) എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. മോഷണശ്രമത്തിനിടെ വീണു പരുക്കേറ്റ് കാലിന് ഒടിവ് സംഭവിച്ച വിഷ്ണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മാനസികനില മോശമായ രീതിയിലുള്ള സുമയും മകളും ഷെൽറ്റർ ഹോമിലാണുള്ളത്. സുമയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിലുണ്ടായ നവജാത ശിശുവിനെ അഞ്ചുദിവസം മാത്രം പ്രായമുള്ളപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയും വിഷ്ണു മൂന്നാം പ്രതിയുമാണ്. ശിശുവിന്റെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്നു സൂചനയുള്ള കട്ടപ്പന സാഗരാ ജംക്‌ഷനിലെ സ്ഥലത്ത് നിതീഷിനെ എത്തിച്ചു. ഇവിടെയുള്ള വീടിനോടു ചേർന്ന തൊഴുത്തിനുള്ളിൽ പൊലീസ് കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നും പരിശോധന തുടരും.
Kattappana double murder: Skeletal remains exhumed, evidence collection progresses