ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനിടെ തകര്‍ന്ന് തരിപ്പണമായ ആലത്തൂര്‍ വാഴക്കോട് സംസ്ഥാനപാതയില്‍ വിജിലന്‍സ് പരിശോധന. നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് റോഡ് പൊളിച്ചുള്ള ഗുണനിലവാര പരിശോധന നടത്തിയത്. പാലക്കാട് തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് അഞ്ച് കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയത്.
ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വിവരങ്ങള്‍ ചേര്‍ത്ത് സ്ഥാപിച്ച ബോര്‍ഡിലെ തലവാചകമാണിത്. കാവല്‍ക്കാരായ നാട്ടുകാര്‍ ആദ്യമേ പറഞ്ഞു. റോഡിന്റെ നിര്‍മാണത്തില്‍ പോരായ്മയുണ്ട്. പരാതികള്‍ അവഗണിച്ച് പൂര്‍ത്തിയാക്കിയ റോഡ് ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്തു. പിറ്റേന്ന് മുതല്‍ പൊളിഞ്ഞ് തുടങ്ങി. തട്ട് തട്ടായി ടാറും കല്ലും ഇളകിത്തെറിച്ചു. അഞ്ച് കോടി വെള്ളത്തിലായെന്ന് ഇടത് ജനപ്രതിനിധികള്‍ വരെ അടക്കം പറഞ്ഞു. ഇതിനിടയിലാണ് നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സിന്റെ ശ്രദ്ധയെത്തുന്നത്.
വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റോഡ് തുരന്ന് പരിശോധിച്ചു. അഞ്ചിടങ്ങളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. നിര്‍മാണ മേല്‍നോട്ടമുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി. കോയമ്പത്തൂര്‍ ആസ്ഥാനമായ എസ്.വി.ഇ.എം ഇന്‍ഫ്രാസ്ട്രക്ചറാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒന്നര വര്‍ഷം പരിപാലനച്ചുമതലയുള്ള റോഡ് ആറ് മാസത്തിനുള്ളില്‍ ഉപയോഗശൂന്യമായെന്നറിയുമ്പോള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയുള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഭാരവാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതാണ് റോഡ് പൊളിയാന്‍ കാരണമായതെന്നാണ് കരാര്‍ കമ്പനിയുടെ വിശദീകരണം.
Alathoor road corruption