പുലിമുട്ട് നിര്‍മാണങ്ങള്‍ക്കായി കൊണ്ടുവരുന്ന കരിങ്കല്ലുകളുടെ ഭാരം അളയ്ക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ട്രിപ്സ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത് ചട്ടങ്ങളെല്ലാം ലംഘിച്ച്. ടെന്‍ഡര്‍ വിളിക്കാതെ, സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ അനുമതി വാങ്ങാതെ മുന്‍ ചീഫ്എഞ്ചിനീയറുടെ താല്‍പര്യപ്രകാരമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.
നെടുമങ്ങാട് കേന്ദ്രമായ റയ്ന ഇന്നവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ട്രിപ്സ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഈ കമ്പനിക്ക് എങ്ങനെ കരാര്‍ നല്‍കി...? ഇതുസംബന്ധിച്ച് വിജിലന്‍സ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലകുള്‍ ഇവയാണ്. ടെന്‍ഡര്‍ വിളിക്കാതെ ഹാര്‍ബര്‍ എഞ്ചീനീയറിംഗ് വകുപ്പില്‍ ചീഫ് എഞ്ചിനീയറായിരുന്ന ബി.റ്റി.വി കൃഷ്ണന്‍റെ താല്‍പര്യപ്രകാരമാണ് റയ്ന ഇന്നവേഷന് കരാര്‍ നല്‍കിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് റയ്ന ഇന്നവേഷന്‍. അതിനാല്‍ കരാര്‍ നല്‍കും മുമ്പ് ചട്ടപ്രകാരം സ്റ്റാര്‍ട്ടപ്പ് മിഷനുമായി കണ്‍സല്‍ട്ട് ചെയ്യണം. അതുണ്ടായിട്ടില്ല. സോഫ്റ്റ്‌വെയര്‍ ഡെവലപറായല്ല, ഈ കൊമേഴ്സ് കമ്പനിയായാണ് സ്റ്റാര്‍ട്ടപ്പ് മിഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ പേര് നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതും ഈ കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. ഐ.ടി മിഷനില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് വാങ്ങണമെന്ന ചട്ടവും പാലിച്ചിട്ടില്ല. ട്രയല്‍ റണ്‍ നടത്തിയില്ല. ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് ഭാരം എഡിറ്റ് ചെയ്യാനാകുമെന്നതുള്‍പ്പെടേയുള്ള അപകാതകള്‍ മനസ്സിലായത്.