online-trading-fraud

ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നു പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ആലുവ ചൂണ്ടി സ്വദേശിയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ എറണാകുളം റൂറൽ സൈബർ പോലീസിന്റെ പിടിയിലായത്. തോപ്പുംപടി സ്വദേശി മുഹമ്മദ് നിജാസ്, വലപ്പാട് സ്വദേശി മുഹമ്മദ് സമീർ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. 

 

അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി ഇത്രയും തുക നിക്ഷേപിച്ചത്. ആദ്യ ഗഡു നിക്ഷേപിച്ചപ്പോൾ ലാഭ വിഹിതമെന്ന് പറഞ്ഞ് 5000 രൂപ നൽകി. ഈ വിശ്വാസമാണ് ഇദ്ദേഹത്തിന് വിനയായത്. സമൂഹമാധ്യമത്തിൽ ബ്ലോക്ക് ട്രേഡിങ് അക്കാദമി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലിങ്കിൽ നിന്ന് നേരെ പോയത് 200ൽ ഏറെ അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ്. അതിൽ കമ്പനികളുടെ ഷെയർ വാങ്ങിക്കുന്നതിനുള്ള നിർദേശങ്ങൾ ഗ്രൂപ്പ് അഡ്മിൻ നൽകി. ഇതിലൂടെ ലാഭം കിട്ടിയവർ അവരുടെ അനുഭവങ്ങളും പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. ഇതും തട്ടിപ്പ് സംഘം തന്നെയാണ് ചെയ്ത് കൊണ്ടിരുന്നത്. 

 

ഗ്രൂപ്പിൽ ചാറ്റ് ചെയ്തപ്പോൾ കൂടുതൽ അറിയുന്നതിനെന്നു പറഞ്ഞ് സംഘം ടെലഗ്രാം ഐഡിയും നൽകി. എല്ലാ ദിവസവും 350 ശതമാനം ലാഭമാണ് വാഗ്ദാനം ചെയതിരുന്നത്. അതിന് ശേഷം ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും അയക്കുന്നതിന് ഒരു ലിങ്കും നൽകി. കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിൽ അക്കൗണ്ടും അതിൽ അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം അയച്ചു കൊടുത്തിരുന്നത്. അതിലേക്കാണ് അഞ്ചു പ്രാവശ്യമായി തുക നൽകിയത്. ലാഭമായി വൻതുക ഉണ്ടെന്ന് സംഘം വിശ്വസിപ്പിച്ചു. ‌‌

 

പിന്നെയും തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ അതിനും കഴിയുന്നില്ല. ഉടനെ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിയമാനുസൃതമല്ലാത്ത ആപ്പുകൾ ഉപയോഗിച്ചാണ് ഇവർ ഒൺലൈൻ ട്രേഡിങ് നടത്തുന്നത്. നിരവധി അക്കൗണ്ടുകളും ഇവര്‍ക്കുണ്ട്. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.

 

Two persons arrested in the case of extorting money by claiming to make a profit of lakhs through online trading.