hotel-Attack

TAGS

കോഴിക്കോട് വെങ്ങാലിയില്‍ ഹോട്ടല്‍ ഉടമയെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ച കേസില്‍ ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. എരഞ്ഞിക്കല്‍ സ്വദേശിയായ ബൈജുവിനെ മര്‍ദിച്ച സംഭവത്തിലാണ് പൊലീസ് നടപടി ഇഴഞ്ഞുനീങ്ങുന്നത്. മര്‍ദനത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ സഹിതം  ബൈജു പൊലീസിനു നല്‍കിയിട്ടും നടപടിയില്ലെന്ന് ബൈജു മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു എലത്തൂര്‍ പൊലീസിന്‍റെ മറുപടി

 

കഴിഞ്ഞമാസം 19ന് രാത്രി പതിനൊന്നരയോടെയാണ് കടയുടമയായ ബൈജുവിന് നേരെ മര്‍ദനമുണ്ടാവുന്നത്. ജീപ്പിലെത്തിയ ഒരു സംഘം ആളുകള്‍ ആഹാരം കഴിച്ചശേഷം കടയിലെ അതിഥിത്തൊഴിലാളികളുമായി വാക്ക് തര്‍ക്കത്തിലേര്‍‌പ്പെടുകയും അത് തടയാന്‍ ചെന്നപ്പോള്‍ ബൈജുവിനെയും മര്‍ദിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ തന്നെയാണ് അക്രമികളെന്ന് ബൈജു അന്നു തന്നെ മൊഴി നല്‍കിയിരുന്നു എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല. 

 

കേസിലെ പൊലീസിന്‍റെ മെല്ലപ്പോക്കിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പുരോഗതിയില്ലെന്നും ബൈജു പറയുന്നു. പ്രതികള്‍ ഒളിവിലാണെന്നാണ് എലത്തൂര്‍ പൊലീസ് തനിക്ക് നല്‍കിയ മറുപടിയെന്നും ബൈജു പറ‍ഞ്ഞു. പരാതിക്കാരന്‍റെ ആരോപണത്തോട് കാര്യമായി പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന എലത്തൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഒന്നും അറിയില്ലെന്ന മറുപടി മാത്രമാണ് നല്‍കിയത്.  എന്നാല്‍ മനപ്പൂര്‍വം മര്‍ദിക്കാന്‍ ചെന്നവരല്ലെന്നും വാക്കുതര്‍ക്കം മര്‍ദനത്തിലേക്കെത്തിയെന്നുമായിരുന്നു അന്ന് പൊലീസ് വിശദീകരിച്ചിരുന്നത്. 

 

മര്‍ദനത്തില്‍ മുഖത്തും ചെവിയിലുമായി സാരമായി പരുക്കേറ്റ ബൈജുവിന് പത്തോളം തുന്നലുണ്ടായിരുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം വീണ്ടും പൊലീസുമായി ബന്ധപ്പെടുമ്പോഴാണ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന മറുപടി ബൈജുവിന് ലഭിക്കുന്നത്

 

Hotel owner attack case