കന്ന‍ഡ സിനിമ, സീരിയൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ആൾക്കൂട്ടാക്രമണത്തിൽ ഗുരുതര പരുക്ക്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കഗലിപുരയില്‍ അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി നടന്‍ തന്നെ ദുരവസ്ഥ വിശദീകരിച്ചതോടെയാണു ക്രൂര മര്‍ദ്ദനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. ചേതനും അമ്മയും കനക്പുര റോഡിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. കാഗലിപ്പുരയെന്ന സ്ഥലത്തു വച്ചു മറ്റൊരു വാഹനം ചേതന്‍ സഞ്ചരിച്ച കാറിനെ അപകടകരമായ രീതിയില്‍ മറികടക്കാന്‍ ശ്രമിച്ചു.ഇതു ചോദ്യം ചെയ്തതോടെ വഴക്കായി. 

 

അക്രമി വിളിച്ചതനുസരിച്ചെത്തിയ 20 അംഗ സംഘം ചേതനെയും അമ്മയെയും വളഞ്ഞു. കാറില്‍ നിന്നു വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ മുഖത്തടക്കം സാരമായി പരുക്കേറ്റു.വിവരമറിഞ്ഞെത്തിയ പൊലീസാണു ചേതനെ അക്രമികളില്‍ നിന്നു രക്ഷിച്ചത്. മുഖത്ത് ഗുരുതര പരുക്കേറ്റ ചേതൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. "സത്യം ശിവം സുന്ദരം" എന്ന കന്നഡ സീരിയലിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ചേതൻ 12 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.