hotel-arrest

TOPICS COVERED

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സീറ്റ് കിട്ടാത്തതിന് ജീവനക്കാരെ മർദ്ദിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥർ പിടിയിൽ. ഹോട്ടലുകാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റുചെയ്ത് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചെന്ന എയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയിലും കേസെടുത്തു. 

 

വെൺപാലവട്ടത്തെ ഇംപീരിയൽ കിച്ചനിൽ ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷനിലെ 18 ഉദ്യോഗസ്ഥർ എത്തുന്നത് ഇന്നലെ രാത്രി പത്തരയോടെയാണ്. 18 പേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൌകര്യം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥരും ഹോട്ടൽ ജീവനക്കാരും തമ്മിൽ തർക്കത്തിന് തുടക്കമിട്ടു. തർക്കം കയ്യാങ്കളിയിലേക്കും മർദ്ദനത്തിലേക്കും മാറിയെന്നാണ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ വ്യക്തമാക്കുന്നത്. സംഘർഷത്തിനിടെ പേട്ട പൊലീസ് സ്ഥലത്തെത്തി. ഇതോടെ എയർഫോഴ്സ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ സ്ഥലംവിട്ടു. എന്നാൽ, നാല് ഉദ്യോഗസ്ഥരെ ഹോട്ടലുകാർ തടഞ്ഞുവച്ചു. നെയ്യാറ്റിൻകര സ്വദേശി അജീഷ്, രാജസ്ഥാനിൽ നിന്നുള്ള മനോഹർ സിങ്, രാജേന്ദ്രസിങ്, യു.പിയിൽ നിന്നുള്ള അരുൺകുമാർ. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റുരേഖപ്പെടുത്തി പുലർച്ചയോടെ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, ഹോട്ടൽ ജീവനക്കാരാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് അറസ്റ്റിലായ നാല് ഉദ്യോഗസ്ഥർ നൽകിയ പരാതിയിലും പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. ഹോട്ടലിൽ പരിശോധന നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയാകും തുടർനടപടി. 

ENGLISH SUMMARY:

Trivandrum hotel attack