യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് സ്ഥാപനം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം വ്യാജ തൊഴില്‍ രേഖകളടക്കം ചമച്ചാണ് പണം തട്ടിയത്. വായ്പയെടുത്തും വീട് പണയംവെച്ചും പണംനല്‍കിയ ഉദ്യോഗാര്‍ഥികളും കുടുംബവും കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്.
ഇടപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സച്ചി സ്റ്റാഫിങ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരാതി. സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് രമ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തെ സമീപിക്കുന്നത്. പതിനഞ്ച് ലക്ഷം നല്‍കിയാല്‍ ഒരുമാസത്തിനകം യുകെയില്‍ കെയര്‍ ടേക്കര്‍ ജോലിയായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷവും സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാക്കിയുള്ള 13ലക്ഷവും നല്‍കണമെന്നായിരുന്നു കരാര്‍. പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും രണ്ട് വര്‍ഷം കഴിഞിട്ടും ഒരാള്‍ പോലും യുകെയിലേക്ക് പറന്നില്ല. പരാതിയുമായെത്തിയപ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വീണ്ടും വീണ്ടും നല്‍കി. ഇതെല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീടാണ് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞത്.
പണവും ജോലിയും പോയതോടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തി. എംഡി രാഖി ഐസക്ക്, സന്തോഷ് തോമസ് എന്നിവരെ പ്രതിയാക്കി കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. സച്ചിയെന്ന പേരിലുള്ള സ്ഥാപനം പൂട്ടിക്കെട്ടി പുതിയ പേരുകളില്‍ തട്ടിപ്പുകള്‍ തുടരുകയാണ്.