ഏരൂർ പുഞ്ചിരിമുക്കിൽ ജയാഭവനിൽ വിശ്വനാഥൻപിള്ളയ്ക്ക് സ്കൂട്ടര്‍ നഷ്ടപ്പെട്ടിട്ട് മൂന്നാഴ്ചയായിരുന്നു. വീട്ടില്‍ നിന്നാണ് കള്ളന്‍ സ്കൂട്ടര്‍ കൊണ്ടുപോയത്. പലവഴി തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പൊലീസില്‍ അന്നുതന്നെ പരാതിയും നല്‍കി. പൊലീസ് അന്വേഷണത്തിലും ഒന്നും
കണ്ടെത്താനായില്ല. അങ്ങനെയിരിക്കെയാണ് എെഎ ക്യാമറ രക്ഷകനായത്. സ്കൂട്ടര്‍ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുന്ന വിശ്വനാഥന്‍ പിള്ളയ്ക്ക് പതിനാറ്,ഇരുപത് തീയതികളിലായി വീട്ടിലെത്തിയത് രണ്ട് പെറ്റി നോട്ടിസുകള്‍.അതും ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതതിന് . നോട്ടിസ് കൈപറ്റിയ വിശ്വനാഥന്‍ പിള്ള ഞെട്ടി നെടുമങ്ങാട് ഭാഗത്തുകൂടി
രണ്ടുതവണയാണ് ഹെല്‍മറ്റില്ലാതെ സ്വന്തം സ്കൂട്ടര്‍ കടന്നു പോയിരിക്കുന്നത്. എെഎ ക്യാമറയില്‍ പതിഞ്ഞ ചിത്രം സഹിതം പിഴ നോട്ടിസിലുണ്ട്.
ഇൗ വിവരം പൊലീസിന് കൈമാറിയപ്പോഴാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.തിരുവനന്തപുരം പന്തപ്ലാവ് അമ്പൂരി തൊടിയഴികത്ത് വീട്ടിൽ
അഭിനവ് ആണ് പ്രതിയെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അഭിനവിനെ പിടികൂടുകയായിരുന്നു.
പത്തൊന്‍പത് വയസ് മാത്രമാണ് പ്രതിക്കുള്ളത്. നിരവധി കേസുകളില്‍ പ്രതിയാണ് അഭിനവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.സ്കൂട്ടര്‍
മോഷണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് അന്വേഷണം തുടങ്ങി.