തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപസ്മാര രോഗത്തിന് ചികില്‍സയ്ക്കെത്തിച്ചപ്പോള്‍ യുവാവിന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമര്‍ദനം. മണ്ണാമൂല സ്വദേശി ശ്രീകുമാര്‍ പേരൂര്‍ക്കട സ്റ്റേഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്കി. ശ്രീകുമാറിനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മേയ് 16 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങളാണിത്. അപസ്മാര ബാധ മൂര്‍ച്ഛിച്ച് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച ശ്രീകുമാറിനെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഒാട്ടോറിക്ഷാ ഡ്രൈവറായ സുഹൃത്ത് കൂട്ടിരിപ്പിന് ശ്രീകുമാറിന്‍റെ അമ്മയെ വിളിച്ച് കൊണ്ടു വരാന്‍ പോയ സമയത്താണ് സെക്യൂരിറ്റിക്കാര്‍ മര്‍ദിച്ചത്.
ദിവസങ്ങളോളം മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. മര്‍ദനം കണ്ട് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മര്‍ദന വിവരം പുറം ലോകമറിഞ്ഞത്. ആദ്യമായല്ല രോഗികളേയും കൂട്ടിരിപ്പുകാരേയും മര്‍ദിച്ചതിന് തിരുവന്തപുരം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതിക്കൂട്ടിലാകുന്നത്.