തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിയമനവിവാദത്തില്‍ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. അനധികൃത നിയമനങ്ങളെയും ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങളെയും കുറിച്ചുള്ള പരാതി അന്വേഷിക്കാനാണ് വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയത്. പി.എസ്.സി വഴി നടത്തേണ്ട നിയമനങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വന്തംനിലയ്ക്ക് നടത്തിയെന്നും പരാതിയുണ്ട്.

മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ രാഷ്ട്രീയാതിപ്രസരമാണെന്നാണ് പ്രധാന ആക്ഷേപം. മെഡിക്കല്‍ യോഗ്യത ആവശ്യമുള്ള തസ്തികകളില്‍പ്പോലും രാഷ്ട്രീയ പരിഗണനവെച്ച് സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നും വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ച പരാതിയില്‍ പറയുന്നു. 

എല്‍.ഡി ടൈപ്പിസ്റ്റിനെ ചട്ടംമറികടന്ന് ഉയര്‍ന്ന ശമ്പളമുള്ള സാര്‍ജന്‍റ് തസ്തികയില്‍ നിയമിച്ചു. മെഡിക്കല്‍ കോളജില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പല നിയമനങ്ങളിലും പി.എസ്.സിയെ മറികടന്നു. മെഡിക്കല്‍ കോളജിലെ നിയമനങ്ങളെക്കുറിച്ച്  വിജിലന്‍സ് നേരത്തെയും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ചിലതില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ മാത്രമേ വിജിലന്‍സിനു അന്വേഷണം നടത്താന്‍ കഴിയൂ. സര്‍ക്കാര്‍ അനുമതി വൈകിയാല്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം. പാലോട് സ്വദേശി അനസ് ഖാനാണ് ഏറ്റവുമൊടുവില്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്.

ENGLISH SUMMARY:

A complaint has been filed with the Vigilance to investigate illegal appointments and unconstitutional promotions at Thiruvananthapuram Medical College