കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രലൈന്‍ മുറിച്ചുകടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യബസ് ഇടിച്ച് തെറിപ്പിച്ചതില്‍ പൊലീസുകാരും മോട്ടോര്‍ വാഹനവകുപ്പും കുറ്റക്കാര്‍. വാഹനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നവരേയും റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് വാഹനങ്ങളെയും കാണാന്‍ പറ്റാത്ത വളവിലാണ് സീബ്രലൈനുള്ളത്. ഇവിടെ മാത്രം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇറക്കം കഴിഞ്ഞുള്ള വളവിലാണ് ഈ സീബ്രാ ലൈന്‍. ഇറക്കമായതുകൊണ്ടുതന്നെ വേഗതയില്‍ വരുന്ന ഡ്രൈവര്‍മാര്‍ പലപ്പോഴും റോഡ് മുറിച്ച് കടക്കുന്നവരെ കാണുന്നത് അടുത്തെത്തുമ്പോള്‍ മാത്രം. അമിത വേഗതയില്‍ മറ്റ് വാഹനങ്ങളെ മറികടന്നെത്തുന്ന സ്വകാര്യബസുകള്‍ ഇവിടം കുരുതികളമാക്കുന്നതും പതിവ്. അതിന്റ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെളളിയാഴ്ച ബസിന് മുന്നില്‍ അകപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനി. ചെറുവണ്ണൂര്‍ ഹൈസ്കൂളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് സ്കൂളില്‍ മുന്നില്‍ പൊതുമരാമത്ത് വകുപ്പ് സീബ്രാ ലൈന്‍ വരച്ചത്. എന്നാല്‍ സ്കൂളില്‍ നിന്ന് ഓടിയിറങ്ങുന്ന കുട്ടികള്‍ അകപ്പെടുന്നതാകട്ടെ അമിത വേഗത്തില്‍ ചീറിപാഞ്ഞെത്തുന്നത് വാഹനങ്ങള്‍ക്ക് മുന്നിലേക്കാണ്. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയാത്തവരാണോ സീബ്രലൈന്‍ വരച്ചതെന്നാണ് ചോദ്യം
ദീര്‍ഘദൂര ബസുകള്‍ അടക്കം കോഴിക്കോട് നഗരത്തിലേക്ക് കടക്കുന്നത് ഇതുവഴിയാണ്. എന്നാല്‍ സ്കൂള്‍ ഉണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് പോലും ഇവിടെയില്ല. മിക്ക ദിവസങ്ങളിലും ഇവിടെ കുട്ടികളെ സഹായിക്കാന്‍ പൊലീസും ഉണ്ടാവാറില്ല. ഇനിയെങ്കിലും അശാസ്ത്രീയമായി വരച്ച സീബ്രാലൈന്‍ മാറ്റി വരയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം