cadell-jeanson-raja-1200

ഏഴ് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ വിചാരണക്ക് കളം ഒരുങ്ങുന്നു. ഏക പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുകയെന്ന വിചിത്രവിശ്വാസത്തിനായാണ് കേഡല്‍ അമ്മയും അച്ഛനും ഉള്‍പ്പടെ നാല് പേരെ കൊലപ്പെടുത്തിയത്.

തലസ്ഥാന നഗരത്തില്‍, മുഖ്യമന്ത്രിയുടെ വീടിന്റെ അയല്‍പക്കത്തായിരുന്നു കേരളത്തെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊല. 2017 ഏപ്രില്‍ 9ന്...അന്ന് നേരം പുലര്‍ന്നപ്പോള്‍ നാല് മൃതദേഹങ്ങളാണ് ആ വലിയവീട്ടില്‍ കണ്ടത്. റിട്ടയേര്‍ഡ് പ്രഫസറായ രാജ തങ്കം, ഭാര്യയും ഡോക്ടറുമായ  ജീൻ പത്മ , മകൾ കരോലിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ആസ്ട്രല്‍ പ്രോജക്ഷന്റെ പരീക്ഷണമായി മകന്‍ കേഡല്‍ ജീന്‍സണ്‍രാജയാണ് ഈ അരുംകൊല നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആ അരുംകൊല നടന്ന് ഇപ്പോള്‍ ഏഴ് വര്‍ഷവും ഒരു മാസവും കഴിഞ്ഞു. വിചാരണ തുടങ്ങാതെ നീണ്ടുപോകുന്ന കേസുകളുടെ പട്ടികയിലാണ് ഈ കൂട്ടക്കൊലയ്ക്കും സ്ഥാനം. കേഡലിന് മാനസിക ആരോഗ്യപ്രശ്നമുണ്ടെന്ന വാദമായിരുന്നു തടസം.

ഒടുവില്‍ അഞ്ച് മാസം മുന്‍പ് മാനിസക നില പരിശോധിക്കാന്‍ കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കേഡലിന്റെ മാനസികനിലയില്‍ തകരാറില്ലെന്നും വിചാരണ നേരിടാനാകുമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് വിചാരണക്ക് കളം ഒരുങ്ങിയത്. 22ന് കേഡലിനെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. അതോടെ കേരളം കണ്ട ഏറ്റവും വലിയ ക്രൂരകൃത്യത്തിലൊന്നിന്റെ ശിക്ഷാവിധിക്ക് നാളുകളെണ്ണിത്തുടങ്ങും.

ENGLISH SUMMARY:

After seven long years, justice inches closer in the Thiruvananthapuram Nandankode massacre case, where Kedal Jeanson Raja stands accused of brutally murdering four family members, including his own parents, in a twisted attempt to free souls from their bodies