TOPICS COVERED

കാസർകോട് നീലേശ്വരത്ത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.പതിനാലു കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. 

കാസർകോട് പള്ളിക്കര സെന്റ് ആൻസ് യുപി സ്‌കൂളിന് സമീപത്തെ മേലത്ത് സുകുമാരന്റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചക്ക് മോഷണം നടന്നത്. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്ത ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ കള്ളൻ അടുക്കള ഭാഗത്തെ ഗ്രിൽസ് തുറന്ന് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടര ലക്ഷം രൂപയുടെ സ്വർണ്ണാഭരണമാണ് നഷ്ടമായത്. പൊലീസും ഫോറെൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. കവർച്ച നടന്ന പള്ളിക്കരയിലെ സുകുമാരന്റെ വീട്ടിൽ നിന്നും ലഭിച്ച വിരൽ അടയാളവും അന്വേഷണത്തെ തുണച്ചു. പ്രതി സ്വന്തം വീട്ടിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം എസ്ഐ മാരായ വിശാഖ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞാണ്‌ ആസിഫിനെ കീഴ്പ്പെടുത്തിയത്. 

പട്ടാപ്പകൽ ആളില്ലാത്ത വീടുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന പ്രതി ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 14 മോഷണ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.