ഷീന ബോറ വധക്കേസില്‍ വമ്പന്‍ ട്വിസ്റ്റ്. കേസിലെ സുപ്രധാന തെളിവ് കാണാതായെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച ഷീന ബോറയുെട ശരീര ഭാഗങ്ങള്‍ കാണാതായെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുംബൈ മെട്രോയില്‍ ജോലി ചെയ്തിരുന്ന ഷീന ബോറയെ 2012ല്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മൃതദേഹം പെന്‍ എന്ന ഗ്രാമത്തിലെത്തിച്ച് കത്തിച്ചെന്നാണ് സിബിഐയുടെ വാദം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യമായ നിര്‍ണായക തെളിവുകളാണ് നഷ്ടപ്പെട്ടതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
2012ല്‍ കണ്ടെത്തിയ മൃതദേഹാവശഷ്ടങ്ങള് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് അയച്ചിരുന്നു. 2015ല്‍ ഡിസ്പോസല്‍ സൈറ്റില്‍ നിന്ന് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ അതേ വ്യക്തിയുടേത് ആണെന്നത് സ്ഥിരീകരിക്കാനായി ഡല്‍ഹി എയിംസിലേക്ക് അയക്കുകയായിരുന്നു. രണ്ട് തവണയായി ലഭിച്ച ശരീര ഭാഗങ്ങള്‍ ഷീനയുടേത് തന്നെയെന്നായിരുന്നു സിബിഐയുടെ വാദം.എന്നാല്‍ നിര്‌ണായക തെളിവായ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടമായത് കേസിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.