തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിൽ നിന്ന് വിളിച്ചറിക്കി ഗൃഹനാഥനെ അയൽക്കാരൻ വെട്ടിക്കൊന്നു. ആലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. അയൽക്കാരനായ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട ബിജുവും കൊലപ്പെടുത്തിയ കുമാർ ബാലരാമപുരം കല്ലുവിളയിൽ അയൽക്കാരാണ്. ഇരുവരും രാവിലെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്ന് ബിജുവിന്റെ വീട്ടുകാർ തന്നെ പറയുന്നു. തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ വീട്ടിലുണ്ടായിരുന്ന ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു.
വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറി റോഡിലാണ് ബിജുവിനെ കുമാർ വെട്ടി വീഴ്ത്തിയത്. കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം നെഞ്ചിൽ കുത്തി. ബിജുവിനെ നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരംവെട്ട് തൊഴിലാളിയാണ് ബിജു. മദ്യപിച്ചതിനിടയിലുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.