പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. കൊല്ലം മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷാനവാസിനെയാണ് (39) കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോകാത്തതിന് ചേട്ടന്‍ വഴക്ക് പറഞ്ഞതില്‍ പിണങ്ങി കൊല്ലം ബീച്ചിലെത്തി. തുടർന്ന് പെണ്‍കുട്ടി മൊബൈല്‍ വാങ്ങുന്നതിനായി പ്രതിയായ ഓട്ടോ ഡ്രൈവറോട് സഹായം ചോദിക്കുകയായിരുന്നു.
അങ്ങനെ പെൺകുട്ടിയെ ഇയാൾ ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ വാങ്ങി കൊടുത്ത ശേഷം സിം ആക്റ്റീവ് ആകാന്‍ താമസം ഉണ്ടെന്നും അതുവരെ ആശ്രാമം മൈതാനത്തു വിശ്രമിക്കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് കുട്ടിയെ തിരികെ ബീച്ചില്‍ എത്തിച്ചു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നും വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.