• ഒരുവര്‍ഷം കൊണ്ട് പിഴ 39,000 രൂപ
  • പിഴത്തുകയും ചലാനും ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍

നിരത്തിലെ നിയമലംഘനങ്ങള്‍ക്ക് കായംകുളം സ്വദേശിക്ക് ഒരുവര്‍ഷം ലഭിച്ച പിഴ 39,000 രൂപ. മോട്ടോര്‍വാഹന വകുപ്പിനെ വെല്ലുവിളിച്ച് പിഴത്തുകയും ചലാനും ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്ത് യുവാവ്. കായംകുളം സ്വദേശി അനന്ദുവാണ് തുടര്‍ച്ചയായി നിയമലംഘനത്തിന് ലഭിച്ച പിഴയും ഇന്‍സ്റ്റഗ്രാം കണ്ടന്‍റാക്കിയത്. ആറ്റിങ്ങല്‍ രജിസ്ട്രേഷനിലുള്ള യമഹ എഫ് സി ബൈക്ക് ഇപ്പോള്‍ കായംകുളം ആര്‍ടിഒയുടെ പരിധിയിലാണ്.

ഒരു വര്‍ഷത്തിനിടെ ഇരുപതിലേറെത്തവണയാണ് നിയമലംഘനത്തിന് ഇയാള്‍ക്ക് പിഴയിട്ടത്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, ഒന്നിലേറെപ്പേരെ ഒപ്പമിരുത്തി യാത്ര ചെയ്യല്‍, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കോടിക്കല്‍ തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ക്ക് അനന്ദുവിന് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആകെ ഒരുവര്‍ഷം കൊണ്ട് കിട്ടിയത് 39,000 രൂപയുടെ ചലാനുകള്‍. പൊലീസ് പിടികൂടി റോഡില്‍ വച്ച് അടപ്പിച്ച 3500 രൂപയുടെ പിഴ വേറെയും.

എഐ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനത്തിന്‍റെ ഫോട്ടോകളും പിഴ ലഭിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്തുള്ള വീഡിയോയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ദിസ് ഈസ് മൈ എന്‍റര്‍ടെയിന്‍മെന്‍റ്’ എന്നുകൂടി പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 76 ലക്ഷം പേര്‍ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു.

പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, എഐ ക്യാമറ എന്നിവയില്‍ നിന്നായി 38ഓളം ചലാനുകള്‍ വാഹനത്തിന്‍റെ പേരിലുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.  39000 രൂപ പിഴയായി അടയ്ക്കാനുണ്ട്. പല ചലാനുകളും കോടതിയിലേക്ക് പോയിട്ടുണ്ട്. പരിശോധിച്ച് നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കാറില്‍ സ്വിമ്മിങ് പൂളുണ്ടാക്കി അഭ്യാസ പ്രകടനം നടത്തിയതിന് യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കഴിഞ്ഞ ദിവസമാണ്  മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. വ്ലോഗറുടെ  ലൈസന്‍സ് ആജീവനാന്തം സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ എംവിഡി സ്വീകരിച്ചിരുന്നു. 

ENGLISH SUMMARY:

Instagram Content Creator Fined 39000 Rupees For Various Traffic Violations In One Year