kidnap-probe

TOPICS COVERED

ഒറ്റപ്പാലം അമ്പലപ്പാറയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്റെ കാരണം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പര്‍ അവ്യക്തമായതാണ് പ്രതിസന്ധി. 

 

അമ്പലപ്പാറ പുളിയങ്കാവ് സ്വദേശി സന്തോഷ്കുമാറിനെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് ഊർജിതമായ അന്വേഷണം. തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച പൊലീസ് വാഹനത്തെയും പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.  പരാതിക്കാരന്റെ വിശദമായ മൊഴിയെടുത്തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകാനെത്തിയവരെക്കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് സന്തോഷ് കുമാറുള്ളത്. 

കഴിഞ്ഞദിവസം രാവിലെ എട്ടേമുക്കാലോടെ സന്തോഷ്കുമാറിന്റെ വീടിന് സമീപമായിരുന്നു സംഭവം. വീട്ടിൽ നിന്ന് ചുനങ്ങാട് തിരുണ്ടിക്കലിലെ സ്ഥാപനത്തിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മർദിച്ച് ബലമായി കാറിലേക്കു തള്ളി കയറ്റാനായിരുന്നു ശ്രമം. പിടിവലിക്കിടെ കയ്യിലും മുഖത്തും മർദനമേറ്റ സന്തോഷ്കുമാർ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയുമായിരുന്നു. കാർ അതിവേഗം ഒറ്റപ്പാലം ഭാഗത്തേക്കാണ് കടന്നുകളഞ്ഞത്. കാറിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും റജിട്രേഷൻ നമ്പർ വ്യക്തമാകാത്തതാണു വെല്ലുവിളി. 

ENGLISH SUMMARY:

Ottappalam kidnap case