akg-center-case

TOPICS COVERED

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ കൂടുതല്‍ കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. പടക്കം എറിയാന്‍ നിര്‍ദേശിച്ച സുഹൈല്‍ ഷാജഹാന് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രണ്ട് വര്‍ഷം പിന്നിട്ട എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് സുഹൈല്‍ ഷാജഹാന്റെ അറസ്റ്റോടെ വീണ്ടും ചൂടുപിടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ സുഹൈല്‍ ഷാജഹാനാണ് ആക്രമണത്തിന്റെ ആസൂത്രണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കെപിസിസി ഓഫീസിലും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസിലുമുണ്ടായ എസ്എഫ്ഐ ആക്രമണത്തിന് പകരം വീട്ടുകയായിരുന്നു ലക്ഷ്യം. സുഹൈല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ജിതിന്‍ സ്ഫോടകവസ്തു എറിഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 

ആക്രമണത്തിന് ശേഷം ദുബായിലേക്ക് കടന്ന സുഹൈല്‍ അവിടെ നിന്ന് യുകെയിലേക്ക് പോയി. ഏഴ് മാസം മുന്‍പ് വീണ്ടും ദുബായിലെത്തി. അവിടെ നിന്ന് കാഠ്മണ്ഡു വഴി കണ്ണൂരിലെ ഭാര്യാ വീട്ടിലും എത്തിയിരുന്നു. പിന്നീട്  ദുബായിലേക്ക് മടങ്ങാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സമയം ലുക്കൗട്ട് നോട്ടീസ് അനുസരിച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ സുഹൈലിന് വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. സുഹൈല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്തയാളാണ്. അതിനാല്‍ ആക്രമണത്തിന്റെ ആസൂത്രണത്തിലോ പിന്നീട് ഒളിവില്‍ കഴിയുന്നതിലോ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അറിയാനായി വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യലില്‍ സുഹൈല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു.