കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ ആരംഭിക്കുന്നു. പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെ കൊന്ന കേഡലിന് മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് വിചാരണ തുടങ്ങുന്നത്..
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2017 ഏപ്രില്‍ 9നാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊല സംസ്ഥാനതലസ്ഥാനത്ത് അരങ്ങേറിയത്. തലസ്ഥാന നഗരമധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീടിന്റെ മുകള്‍ നിലയില്‍ ഇപ്പോഴുമുണ്ട് തീ പടര്‍ന്ന് പിടിച്ച അടയാളം. കൊലപാതകം നടന്ന വിവരം പുറംലോകം അറിഞ്ഞതും ഈ തീയിലൂടെയായിരുന്നു. അന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചത്. അവരെത്തി നോക്കിയപ്പോളാണ് നാല് മൃതദേഹങ്ങള്‍ കണ്ടത്.
കേഡലിന്റെ അച്ഛന്‍, അമ്മ, സഹോദരി, അകന്ന ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് നാല് പേരെയും വെട്ടിക്കൊന്നു. അതിന് ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കത്തിച്ചു. മൊബൈലിലും കംപ്യൂട്ടറിലുമൊക്കെയായി മുഴുവന്‍ സമയവും ചെലവഴിച്ചിരുന്ന കേഡല്‍, ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന വിചിത്ര പരീക്ഷണത്തിനാണ് ഈ അരുംകൊല ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് നാലാം നാള്‍ കേഡല്‍ പിടിയിലായെങ്കിലും മാനസിക ആരോഗ്യപ്രശ്നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളും വൈകിച്ചത്. എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. അതോടെ കൊല നടന്ന് ഏഴ് വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോള്‍ കേഡല്‍ കോടതിയിലേക്കെത്തുകയാണ്. കൊടുംക്രൂരതയില്‍ പൊലീസ് തയാറാക്കിയ കുറ്റപത്രം കേള്‍ക്കാന്‍. ഇനി കേരളം കാത്തിരിക്കുന്നത് അരുംകൊലക്ക് കോടതി കാത്ത് വച്ചിരിക്കുന്ന ശിക്ഷയെന്താണന്നറിയാന്‍.