കണ്ണൂര്‍ കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പ് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. എരഞ്ഞോളിയിലെ സ്ഫോടനത്തിന് പിന്നാലെ കണ്ണൂരിലെങ്ങും വ്യാപക തിരച്ചിലാണ് നടന്നുവന്നിരുന്നത്. ഇന്ന് കൂത്തുപറമ്പ്, ചൊക്ലി, തലശേരി, കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇന്നത്തെ തിരച്ചില്‍
ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.