കളിയിക്കാവിളയില്‍ കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് സൂചന. പണം ആവശ്യപ്പെട്ട് ദീപുവിനെ മുന്‍പ് ഗുണ്ടാ സംഘം വിളിച്ചിരുന്നെന്ന് ഭാര്യ വിധു. ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്ന് ദീപു പറഞ്ഞിരുന്നു. പണം നല്‍കാതായപ്പോള്‍ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു; കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് സംശയിക്കുന്നെന്നും വിധു. അതേസമയം അച്ഛന്‍ രണ്ടുമാസം മുന്‍പ് ഇക്കാര്യങ്ങള്‍ തന്നോടും പറഞ്ഞിരുന്നെന്ന് മകന്‍ മാധവും പ്രതികരിച്ചു.
ക്രഷര്‍ യൂണിറ്റ് ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപുവിനെയാണ് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം വാങ്ങുന്നതിനായി പത്തുലക്ഷം രൂപയുമായാണ് ദീപു പോയതെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. അതേസമയം, റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം മനോരമ ന്യൂസ് പുറത്തുവിട്ടു. ദീപുവിന് തമിഴ്നാട്ടില്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന് ബന്ധു സുനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.