തൃശൂര്‍ ചെമ്പൂത്ര ദേശീയപാതയില്‍ എയര്‍ഗണ്ണും കഞ്ചാവുമായി നാലു യുവാക്കളെ പിടികൂടി. ബംഗ്ലുരുവില്‍ നിന്ന് തൃശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കാറില്‍ എത്തിയ സംഘം പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാറില്‍ നാലംഗ സംഘം എംഡിഎംഎയുമായി തൃശൂരിലേക്ക് വരുന്നുണ്ടെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ആര്.ഇളങ്കോയ്ക്കു ലഭിച്ച രഹസ്യ വിവരം. ലഹരിവിരുദ്ധ സേനയേയും പീച്ചി പൊലീസിനേയും കമ്മിഷണര്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ കാര്‍ എത്തിയപ്പോള്‍ പൊലീസ് പിന്തുടര്ന്നു. െചമ്പൂത്ര ദേശീയപാതയില്‍ ഹോട്ടലിനു മുമ്പില്‍ ഇവര്‍ വണ്ടി നിര്‍ത്തി. ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ യുവാക്കളെ ചോദ്യം ചെയ്തു. എയര്‍ഗണ്ണും മുപ്പതു ഗ്രാം കഞ്ചാവും നിരോധിത സിഗരറ്റുകളും കണ്ടെടുത്തു. ഗുരുവായൂര്‍ സ്വദേശികളായ ആകര്‍ഷ്, ഫാസില്‍, പാവറട്ടി സ്വദേശി റംഷീക്, കൊല്ലം സ്വദേശി ആദര്‍ശ് എന്നിവരാണ് പിടിയിലായത്. സംശയം തോന്നിയതിനാല്‍ കാറിന്റെ ഓരോ ഭാഗങ്ങളും വര്‍ക്ഷോപ്പ് ജീവനക്കാരെ കൊണ്ടുവന്ന് പരിശോധിച്ചു. എം.ഡി.എം.എ. കണ്ടെത്താനായില്ല. യുവാക്കളെ വീണ്ടും ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.