gold-thattippu

TOPICS COVERED

കണ്ണൂർ പയ്യന്നൂരിൽ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മലപ്പുറം കരുവാരക്കുണ്ടിൽ നിന്നാണ് പ്രതി അബ്ദുൾ നാസറിനെ പൊലീസ് പിടികൂടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച സ്വർണം പലിശ കൂടുതലായതിനാൽ പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായാണ് അബ്ദുൾ നാസർ ബ്രാഞ്ച് മാനേജരെ സമീപിച്ചത്. തുടർന്ന് തന്ത്രപൂർവം ബ്രാഞ്ച് മാനേജരും ഉദുമ സ്വദേശിയുമായ നിഷീദയുടെ കയ്യിലുണ്ടായിരുന്ന 45,000 രൂപ കൈക്കലാക്കിയ പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

നിഷീദയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ക്യാമറയിൽ നിന്നും പണം വാങ്ങി ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യവും പരാതിക്കാരിയിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറുംശേഖരിച്ച ശേഷം സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ പ്രതിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എട്ടോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.