kaliyakkavila-murder

TOPICS COVERED

തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ ക്രഷര്‍ ഉടമയായ ദീപു എന്ന യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊന്നു. മണ്ണുമാന്തി യന്ത്രം വാങ്ങാനായി പത്ത് ലക്ഷം രൂപയുമായി പോയ യാത്രക്കിടെയാണ് അതിക്രൂര കൊലപാതകം. മൃതദേഹം കണ്ട കാറില്‍ നിന്ന് ബാഗുമായി ഒരാള്‍ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഗുണ്ടാസംഘങ്ങളുടെ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ വിധു പറഞ്ഞു.

 

കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം കളിയിക്കാവിളയിലാണ് അതിക്രൂര കൊലപാതകം. കന്യാകുമാരിയിലേക്ക് പോകുന്ന റോഡരുകില്‍ ഇന്‍‍‍ഡിക്കേറ്റര്‍ തെളിയിച്ച് കാര്‍ കുറേനേരമായി നിര്‍ത്തിയിരിക്കുന്നത് കണ്ട് നോക്കിയ പൊലീസാണ് മൃതദേഹം കണ്ടത്. വാഹനം ഓഫ് ചെയ്തിരുന്നില്ല. ബോണറ്റ് പൊക്കിവച്ച്, ലൈറ്റ് ഓണ്‍ ചെയ്ത നിലയിലുള്ള വാഹനം കണ്ടാണ് പൊലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിയത്. അപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മുതല്‍ കളിയിക്കാവിള വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ടിരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്ത് പാതിയും വേര്‍പെട്ട നിലയിലാണ്. മലയിന്‍കീഴിനടുത്ത് മണിയറവിളയില്‍ ക്രഷര്‍ യൂണിറ്റും വര്‍ക് ഷോപ്പും നടത്തിയിരുന്നയാളാണ് 46 കാരനായ ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാനായി പോകുന്നൂവെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയത്.

കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി വി ദൃശ്യം കേന്ദ്രീകരിച്ചാണ് തമിഴ്നാട് പൊലീസിന്റെ അന്വേഷണം. കാറില്‍ നിന്ന് ബാഗും തൂക്കിയൊരാള്‍ നടന്ന് പോകുന്നതാണ് ദൃശ്യങ്ങളില്‍. മുടന്തി നടക്കുന്നതിനാല്‍ കാലിന് പ്രശ്നമുള്ളയാളാണ് കൊല നടത്തിയതെന്നും കരുതുന്നു. തക്കല സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ ബിപിനെ കാണാനായാണ് തക്കലയ്ക്ക് പോയത്. എന്നാല്‍ ബിപിനെ കാണും മുന്‍പ് മറ്റൊരാള്‍ കാറില്‍ കയറിയിരുന്നതായാണ് സംശയിക്കുന്നത്.

അതേസമയം 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗുണ്ടാസംഘങ്ങളുടെ ഭീഷണിയുണ്ടായിരുന്നതായി ഭാര്യയും മകനും വെളിപ്പെടുത്തി. പണം തട്ടിയെടുക്കാനായുള്ള കൊലപാതകമെന്ന നിഗമനത്തില്‍ ദീപുവിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ENGLISH SUMMARY:

Man found with throat slit inside car near Thiruvananthapuram; Rs 10 lakh missing