ottappalam-police-station

ഒറ്റപ്പാലം അമ്പലപ്പാറയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ക്വട്ടേഷൻ ഇടപാടാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രമണമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ആരും പിടിയിലായിട്ടില്ല. പുളിയങ്കാവ് സ്വദേശി സന്തോഷ്കുമാറിനെ കാറിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് അന്വേഷണം ക്വട്ടേഷൻ സംഘത്തിലേക്കു നീളുന്നത്. 

 

പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നാണ് വിവരം. തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം പുറം ലോകമറിഞ്ഞ ഘട്ടം തുടങ്ങി ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നതു സംശയം ബലപ്പെടുത്തുന്നു. ഇവർക്കു സന്തോഷ് കുമാറുമായി നേരിട്ടു ബന്ധമില്ലെന്നിരിക്കെയാണ് അതിക്രം ക്വട്ടേഷൻ ഇടപാടാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അതേസമയം, അതിക്രമത്തിലേക്കു നയിച്ച കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സംഘത്തിൽ അഞ്ചുപേരുടെ പങ്കാളിത്തമുള്ളതായാണു സംശയം. നേരത്തെ പരാതിക്കാരനിൽ നിന്നു വിശദമായ മൊഴിയെടുത്തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെ സന്തോഷ്കുമാറിന്റെ വീടിന് സമീപമായിരുന്നു ആക്രമണം. വീട്ടിൽ നിന്ന് ചുനങ്ങാട് തിരുണ്ടിക്കലിലെ സ്ഥാപനത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് റോഡരികില്‍ കാറില്‍ കാത്തുനിന്ന സംഘം തടഞ്ഞു നിർത്തി തട്ടിക്കൊപോകാൻ ശ്രമിച്ചത്. മർദിച്ചു ബലമായി കാറിലേക്കു തള്ളി കയറ്റാനായിരുന്നു ശ്രമം. പിടിവലിക്കിടെ കയ്യിലും മുഖത്തും മർദനമേറ്റ സന്തോഷ്കുമാർ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു. ഇതോടെ അക്രമിസംഘം വാഹനവുമായി രക്ഷപ്പെട്ടു. കാറിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും റജിട്രേഷൻ നമ്പർ വ്യക്തമാകാത്തതു പ്രതിസന്ധിയാണ്.

ENGLISH SUMMARY:

Gang tried to abduct young man in Palakkad. Police enquiry to quotation teams